കഴിഞ്ഞ 10 വര്‍ഷത്തിനിടെ വര്‍ഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സദ്ഗുരു; കല്ലുവച്ച നുണയെന്ന് തെളിയിച്ച് എന്‍സിആര്‍ബി രേഖ
കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് 'ജഗ്ഗി' വാസുദേവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകയെ വെള്ളപൂശി ഈ അവകാശവാദമുന്നയിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ വലിയ കലാപങ്ങളൊന്നും കണ്ടിട്ടില്ലെന്ന അവകാശവാദവുമായി സദ്ഗുരു എന്നറിയപ്പെടുന്ന ഇഷ ഫൗണ്ടേഷന്റെ സ്ഥാപകന്‍ ജഗദീഷ് 'ജഗ്ഗി' വാസുദേവ്. കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് 'ജഗ്ഗി' വാസുദേവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകയെ വെള്ളപൂശി ഈ അവകാശവാദമുന്നയിച്ചത്.
'താന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍, രാജ്യത്ത് വലിയ വര്‍ഗീയ കലാപങ്ങളില്ലാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ല. എല്ലാ വര്‍ഷവും എവിടെയെങ്കിലും വലിയ കലാപങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു.
എന്നാല്‍, കഴിഞ്ഞ 5- 6 വര്‍ഷങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ 10 വര്‍ഷങ്ങള്‍ക്കിടയിലോ താന്‍ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് കേട്ടിട്ടില്ല'- എഎന്‍ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശിന് നല്‍കിയ അഭിമുഖത്തില്‍ സദ്ഗുരു പറഞ്ഞു.
'നിങ്ങള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടില്ല. നിര്‍ഭാഗ്യവശാല്‍ ചില ചെറിയ സംഭവങ്ങള്‍ അരങ്ങേറി. എന്നാല്‍, ഈ രാജ്യം അഭിമുഖീകരിക്കുമെന്ന് ഞങ്ങള്‍ കരുതിയതുപോലെ വലിയ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് കേള്‍ക്കുന്നില്ല, ഇത് വളരെ പോസിറ്റീവ് കാര്യമാണ്' -അദ്ദേഹം പറഞ്ഞു.
എന്നാല്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) നല്‍കിയ കണക്കുകള്‍ പ്രകാരം 2014 നും 2020 നും ഇടയില്‍ രാജ്യത്ത് 5,000 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗീയ അക്രമ സംഭവങ്ങളുടെ രേഖകള്‍ സൂക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയം (MHA)കലാപങ്ങളെ വലിയതെന്നോ ചെറിയതെന്നോ തരം തിരിക്കുന്നില്ല.
2015ല്‍ മന്ത്രാലയം നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് 2012, 2013 എന്നീ രണ്ട് വര്‍ഷങ്ങളിലായി 1,491 വര്‍ഗീയ കലാപങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന വര്‍ഗീയ കലാപങ്ങളാവട്ടെ ഏഴായിരത്തിന് അടുത്ത് വരും.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയും എന്‍സിആര്‍ബിയുടേയും രേഖകളില്‍ ഈ വിഷയത്തില്‍ പ്രകടമായ പൊരുത്തക്കേടുകള്‍ ഉണ്ട്.
'സംസ്ഥാനങ്ങളില്‍ നിന്നും യുടികളില്‍ നിന്നും പോലിസ് രജിസ്റ്റര്‍ ചെയ്ത വര്‍ഗീയ കലാപ കേസുകള്‍ (എഫ്‌ഐആര്‍) എന്‍സിആര്‍ബി ശേഖരിക്കുന്നു. ഒരു സംഭവത്തില്‍ ഒന്നിലധികം എഫ്‌ഐആറുകള്‍ ഉണ്ടാകാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍, എന്‍സിആര്‍ബി സമാഹരിച്ച വര്‍ഗീയ കലാപങ്ങളുടെ ഡാറ്റ വ്യത്യസ്ത കണക്കുകള്‍ കാണിക്കുന്നു, ഇത് വര്‍ഗീയ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയുള്ളതല്ല' എന്നാണ് 2017ല്‍ ലോക്‌സഭയില്‍ ഇക്കാര്യം വിശദീകരിച്ച് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.
2014നും 2020നും ഇടയില്‍ 5,417 വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി കലാപ കേസുകള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കാണിക്കുന്നു. എന്നാല്‍, 2012ലും 2013ലും നടന്ന വര്‍ഗീയ അക്രമ സംഭവങ്ങളുടെ എണ്ണം 1,491 ആയിരുന്നുവെന്ന് 2015ല്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
2012 നും 2020 നും ഇടയില്‍ നടന്ന നടന്ന മൊത്തം വര്‍ഗീയ കലാപങ്ങളുടെ എണ്ണം 6,908 ആണെന്ന് ഇത് സൂചിപ്പിക്കുന്നു.
2014 മുതല്‍ വര്‍ഗീയ കലാപങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും 2019 മുതല്‍ ഇത് ഗണ്യമായി വര്‍ദ്ധിച്ചതായി 2020 ലെ എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നു.
വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ കാര്യം വരുമ്പോള്‍, 2012 നും 2017 നും ഇടയില്‍ 616 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള രേഖകള്‍ പറയുന്നു. വര്‍ഗീയ കലാപങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ വിവരങ്ങള്‍ 2017ന് ശേഷം ലഭ്യമല്ല.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണയ്ക്കുന്നവരും പുതിയ നിയമത്തെ എതിര്‍ക്കുന്നവരും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് വര്‍ഗീയ അക്രമത്തിന്റെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന് രേഖപ്പെടുത്തിയത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.2020 മുതല്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 ലെ അക്രമത്തിന്റെ പ്രധാന സംഭവങ്ങളിലൊന്നാണ് ത്രിപുരയില്‍ ഒക്ടോബര്‍ മൂന്നാം വാരത്തില്‍ നടന്ന കലാപം. മുസ്ലീങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ഏപ്രില്‍ 2 ന് രാജസ്ഥാനിലെ കരൗലിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
അടുത്തിടെ, 2022 ഏപ്രിലില്‍ രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നിരവധി വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറി. മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ കലാപങ്ങളുണ്ടായി.
അതേ മാസം ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ദിനത്തിലും അക്രമം നടന്നിരുന്നു. ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.