സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും

Update: 2023-01-04 01:31 GMT

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാവും സജി ചെറിയാന് നല്‍കുക. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചെങ്കിലും ഗവര്‍ണര്‍ നിയമപരമായ പരിശോധനകള്‍ക്ക് മുതിര്‍ന്നതോടെ മൂന്ന് ദിവസത്തെ അനിശ്ചിതത്വം ഉടലെടുത്തിരുന്നു.

ഒടുവില്‍ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അനുനയിപ്പിച്ചാണ് സത്യപ്രതിഞ്ജയ്ക്ക് അനുമതി നേടിയെടുത്തത്. തുടര്‍ന്ന് കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാവുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ പോലിസിനെ ഉപയോഗിച്ച് കള്ള റിപോര്‍ട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടനാ വിരുദ്ധ പ്രസംഗം അതേപോലെ നിലനില്‍ക്കുന്നതുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷം ഇന്ന് കരിദിനവും ആചരിക്കും. സത്യപ്രതിജ്ഞ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കുന്ന ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.

അതിനുശേഷം മന്ത്രിയുടെ ഔദ്യോഗിക കാറില്‍ സെക്രട്ടേറിയറ്റിലെത്തി സജി ചെറിയാന്‍ ചുമതല ഏറ്റെടുക്കും. നേരത്തെ മന്ത്രി ആയിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് ലഭിക്കുക. സജി ചെറിയാന്റെ വകുപ്പുകള്‍ നിശ്ചയിച്ച് മുഖ്യമന്ത്രി അറിയിക്കുന്നതിന് പിന്നാലെ ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കും. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്.

Tags:    

Similar News