സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഗവര്‍ണറുടെ തീരുമാനം കാത്ത് സര്‍ക്കാര്‍

Update: 2023-01-02 02:41 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. രാജ്ഭവനില്‍ തിരിച്ചെത്തുന്ന ഗവര്‍ണര്‍ ഇന്നുതന്നെ നിയമോപദേശം പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനാണ് സാധ്യത. സര്‍ക്കാരും ജനുവരി നാലിന് സത്യപ്രജ്ഞാ നടത്താനുള്ള ഒരുക്കങ്ങളുമായാണ് മുന്നോട്ടുപോവുന്നത്. വേണമെങ്കില്‍ വ്യക്തത വരുത്താന്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം തേടാം. അതിലേക്ക് ഗവര്‍ണര്‍ കടക്കുമോ അതോ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ബുധനാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചുവെന്നതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളിയതും കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയുള്ള പോലിസ് റിപോര്‍ട്ടും കണക്കിലെടുത്താണ് മന്ത്രിസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. ഗവര്‍ണര്‍ ജനുവരി ആറിന് സംസ്ഥാനത്തു നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനാല്‍ അതിന് മുമ്പ് സത്യപ്രതിജ്ഞ വേണമെന്നാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം.

Tags:    

Similar News