'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മതവിശ്വാസികളുമുണ്ട്'; എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ല: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍
കോഴിക്കോട്: എല്‍ഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ സമസ്തയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കവെ നിലപാട് വ്യക്തമാക്കി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ രംഗത്ത്. എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. സമസ്തയുടെ അഭിമുഖം പരിപാടിയിലായിരുന്നു പ്രതികരണം. നേരത്തെ വഖ്ഫ് വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല സമീപനത്തെച്ചൊല്ലി സമസ്തയിലെ ലീഗ് അനുകൂല- വിരുദ്ധചേരികള്‍ തമ്മില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് മുസ്‌ലിം ലീഗുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ലെന്ന് നമ്മള്‍ പറയുന്നില്ല. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാല്‍, ചിലപ്പോഴവിടെ പാര്‍ട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ടുപോവണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കേണ്ടിവരും. അവര്‍ക്കാ പാര്‍ട്ടിയിലേ നില്‍ക്കാന്‍ കഴിയൂ. അതുപോലെ ചില പ്രദേശങ്ങളില്‍, വിദ്വേഷത്തിന്റെ പേരില്‍, ഇപ്പോള്‍ മുസ്‌ലിം ലീഗുകാരനാണെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാള്‍ പോവുന്നത് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആയിരിക്കും.
അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതില്‍ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകള്‍ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാനാവില്ല- അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കമ്മ്യൂണിസം എന്ന തത്വം നിരീശ്വരത്വത്തില്‍ അധിഷ്ഠിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ പാര്‍ട്ടിയുടെ താത്വികാചാര്യന്‍മാര്‍ക്ക് ആ കാര്യത്തില്‍ ഒരു സംശയവുമില്ലാത്തതാണ്. അവര്‍ നിരീശ്വരത്വത്തില്‍ അധിഷ്ഠിതമായാണ് നില്‍ക്കുന്നതെന്ന് പറഞ്ഞാല്‍ അവര്‍ക്കതില്‍ സന്തോഷമല്ലേ ഉണ്ടാവൂ ? വിദ്വേഷമുണ്ടാവില്ലല്ലോ. സാഹചര്യത്തിന്റെ പേരില്‍ കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ടാവും. അവരൊക്കെ നമ്മുടെ പള്ളിയോടും മദ്‌റസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം.
അവരെയൊന്നും വെറുപ്പിക്കുന്ന സമീപനം ഇന്നും ഇന്നലെയും സ്വീകരിച്ചിട്ടില്ല. പിന്നെ ഇപ്പോഴിത് ചര്‍ച്ചയാക്കേണ്ട കാര്യമെന്താണ് ? ആ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും മെംബര്‍ഷിപ്പ് കിട്ടില്ലെന്ന് നമുക്കറിയാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്, മതസ്ഥാപനങ്ങളുടെയോ മതസംഘടനകളുടെയോ തലപ്പത്ത് പാര്‍ട്ടിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വരാന്‍ പാടില്ല. അതദ്ദേഹം ഓപ്പണായി പറഞ്ഞതാണ്. അവര്‍ക്കത് തുറന്ന് പറയാന്‍ ഒരു മടിയുമില്ല. അതുകൊണ്ട് ആശയാംഗീകാരം കൊടുത്ത ആളുകളും ആശയം ഇല്ലാതെ ആവശ്യം നേടാന്‍ വേണ്ടി മാത്രം കൂടെ നില്‍ക്കുന്ന ആളുകളുമുണ്ടാവും. മുന്നണിയായി നില്‍ക്കുമ്പോള്‍ ഒരു മുന്നണിയോട് വിദ്വേഷമുള്ളവര്‍ മറുമുന്നണിയിലേക്ക് പോവും. പക്ഷേ, സര്‍ക്കാരിനോട് സഹകരിക്കുക എന്നത് അതേസമയം, മറ്റൊരു വശമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്.
ഭരിക്കുന്ന ഒരു സര്‍ക്കാരില്‍നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി വിദ്വേഷസമീപനം സ്വീകരിക്കാതിരിക്കാറുണ്ട്. അത് വിമര്‍ശിക്കപ്പെടേണ്ട കാര്യമല്ല. തന്ത്രപരമായ ഒരു സമീപനമെന്ന് മാത്രം കരുതിയാല്‍ മതി. ഇപ്പോള്‍ കേരളത്തില്‍ ഒരു മുന്നണി ഭരിക്കുമ്പോള്‍ പ്യുവര്‍ കമ്മ്യൂണിസ്റ്റുകളല്ല, മതവിശ്വാസികളെക്കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള ഒരു മുന്നണിയാണ് ഭരിക്കുന്നത്. അത് രണ്ടും രണ്ടായി കാണാനുള്ള കെല്‍പ്പ് വിവേകമുള്ളവര്‍ക്കുണ്ട്. ബാക്കിയുള്ളവര്‍ വെറുതെ വിവാദമുണ്ടാക്കുകയാണ്- അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരേ പാസാക്കിയ പ്രമേയം തള്ളി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.
ഈ സമ്മേളനത്തില്‍ മുസ്‌ലിം ലീഗിനെ അനുകൂലിക്കുന്ന സംസ്ഥാന സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാരടക്കമുള്ള ഒരുവിഭാഗം സമസ്ത നേതാക്കള്‍ സമസ്തയുടെ പാര്‍ട്ടിയാണ് ലീഗെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ നിലപാടിനോട് ജിഫ്രി തങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുന്നതാണ് സമസ്തയുടെ നയമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വഖ്ഫ് വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ച സമീപനം സംസ്ഥാന സര്‍ക്കാരിനെ ഗുണകരമാവുകയും ലീഗിന് അപ്രതീക്ഷിത തിരിച്ചടിയാവുകയും ചെയ്തിരുന്നു. വഖ്ഫ് വിഷയത്തില്‍ ലീഗ് കോഴിക്കോട് പ്രതിഷേധ റാലി സംഘടിപ്പിച്ചതിനെയും ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നു.