ക്ഷേത്രോത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച് സ്വാമിമാര്‍; വീഡിയോ വൈറല്‍, കേസെടുത്ത് പോലിസ് (വീഡിയോ)

നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പോലിസ് കേസെടുത്തത്.

Update: 2021-07-27 12:59 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോല്‍സവത്തിനിടെ മനുഷ്യമാംസവും തലയും ഭക്ഷിച്ച് സ്വമിമാര്‍. പാവൂര്‍സത്രം കല്ലുരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ വില്ലേജ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പോലിസ് കേസെടുത്തത്. ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

എന്നാല്‍ എവിടെ നിന്നാണ് ശവശരീരം ലഭിച്ചതെന്ന് പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഗ്രാമങ്ങളിലെ ശ്മശാനങ്ങളില്‍ നിന്ന് പകുതി സംസ്‌കരിച്ച മനുഷ്യ ശവശരീരം കടത്തപ്പെട്ടിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഇത് യഥാര്‍ത്ഥ മനുഷ്യത്തല തന്നെയാണോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

മനുഷ്യശരീരം ഭക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി ശക്തി പൊതി സുടലൈ മാടസ്വാമി ക്ഷേത്ര(കാട്ടു കോവില്‍)ത്തിലെ സ്വാമിമാരെ പോലിസ് കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്സവ ചടങ്ങിനിടെ ചിലര്‍ മനുഷ്യന്റെ തല കൈയിലേന്തി നില്‍ക്കുന്നതാണ് വിഡിയോ. നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതും വിഡിയോയില്‍ കാണാം. അവര്‍ ഇത് ഭക്ഷിക്കുന്നതായും പറയുന്നു. എന്നാല്‍ ആരുടെ മൃതദേഹമാണെന്നോ, എവിടെനിന്ന് കടത്തികൊണ്ടുവന്നതാണെന്നോ വ്യക്തമല്ല. ഇത് യഥാര്‍ഥ മനുഷ്യത്തലയാണോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

2019ലും കാട്ടുകോവിലില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് ചടങ്ങിനിടെ ഒരു മനുഷ്യശരീരവും കൈയും ഇവര്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.

ക്ഷേത്രത്തിലെ സ്വാമിമാര്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ മനുഷ്യ ശരീരം തിരഞ്ഞ് ശ്മശാനങ്ങളിലും ചുടലപറമ്പുകളിലും പോകാറുണ്ടെന്ന് ചിലര്‍ പറയുന്നു. സാധാരണയായി ഇവര്‍ മടങ്ങിവരുമ്പോള്‍ മനുഷ്യ ശരീരം കൊണ്ടുവരാറില്ല. എന്നാല്‍, അടുത്തിടെ നടന്ന ചടങ്ങില്‍ ഇവര്‍ മനുഷ്യശരീരം കൊണ്ടുവരികയും ഭക്ഷിക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ വ്യക്തമാക്കുന്നു. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.




Tags:    

Similar News