കൊവിഡ് 19: ഈ വര്‍ഷം ഹജ്ജ് നടത്തും; വിദേശ തീര്‍ഥാടകരില്ല

Update: 2020-06-23 01:17 GMT

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. സൗദി അറേബ്യയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഏതാനുംപേര്‍ക്ക് മാത്രമാവും ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. തീര്‍ഥാടകരുടെ സുരക്ഷയും സംരക്ഷണവും സാമൂഹിക അകലവും ഉറപ്പുവരുത്തിയാവും ഹജ്ജ് നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

    കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ മുഴുവന്‍ തീര്‍ഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇതിനാലാണ് സൗദിയിലുള്ള തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വ്യാപനം കണ്ടെത്തിയതു മുതല്‍ ഉംറ തീര്‍ഥാടനവും സിയാറത്തും മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തില്‍ നിന്നു ആഗോള പൊതുജനാരോഗ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് സൗദി മന്ത്രാലയം ഹജ്ജ് മന്ത്രാലയം അറിയിച്ചു. മുസ് ലിം തീര്‍ഥാടകര്‍ക്ക് ഹജ്ജും ഉംറയും എല്ലായ്‌പ്പോഴും സുരക്ഷിതമായി നടത്താന്‍ പ്രാപ്തമാക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കാനായി തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള രാജ്യത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അറിയിച്ചു. സൗദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി ഈജിപ്തിലെ ഔഖാഫ് മന്ത്രി മുഹമ്മദ് മുക്താര്‍ ഗുമാ പറഞ്ഞു. ജൂലൈ അവസാനവാരത്തിലാണ് ഹിജ്‌റ വര്‍ഷം 1441ലെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം 2.5 മില്ല്യണ്‍ തീര്‍ഥാടകരാണ് ഹജ്ജ് നടത്തിയിരുന്നത്. ഇതില്‍ 1.8 മില്ല്യണോളം വിദേശ തീര്‍ഥാടകരാണ്.







Tags:    

Similar News