കോട്ടക്കല്‍ സ്വദേശി കുത്തേറ്റ് മരിച്ച സംഭവം; ഈജിപ്ഷ്യന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയതായി സൂചന
ജിദ്ദ: ജിദ്ദയില്‍ കോട്ടക്കല്‍ സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതായി സൂചന. കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നമ്പിയാടത്ത് ഉണ്ണീന്‍ മുസ്‌ല്യാരുടെ മകന്‍ കുഞ്ഞലവി (45) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഈജിപ്ഷ്യന്‍ പൗരന്‍ നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ പിടിയിലായതായാണ് സൂചന.
മരണപ്പെട്ട കുഞ്ഞലവി സ്‌ക്രാപ്പ് നല്‍കി പണം വാങ്ങുന്ന സ്ഥാപനത്തിലെ അടുത്തറിയാവുന്ന ആളാണ് ഇദ്ദേഹമെന്നും കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് വിവരം. ഫൈനല്‍ എക്‌സിറ്റ് വിസയിലായിരുന്ന പ്രതി പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നറിയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവി കമ്പനിയുടെ കളക്ഷന്‍ കഴിഞ്ഞു 80,000ത്തോളം റിയാലുമായി മടങ്ങവെയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലായിരുന്നു സംഭവം. കാറില്‍ കുത്തേറ്റ് മരിച്ച നിലയില്‍ സുഹൃത്തുക്കളാണ് കുഞ്ഞലവിയെ കണ്ടെത്തിയത്.