രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത സുപ്രിംകോടതി പരിശോധിക്കുന്നു; കേന്ദ്രത്തിന്റെ അഭിപ്രായം തേടി
മണിപ്പൂരി മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കംചെ, ഛത്തീസ്ഗഢില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ കനയ്യ ലാല്‍ ശുക്ല എന്നിവരാണ് ഹരജിക്കാര്‍. സംസ്ഥാന സര്‍ക്കാറുകളേയും കേന്ദ്രത്തേയും വിമര്‍ശിച്ചതിന് തങ്ങള്‍ക്കെതിരെ 124 എ വകുപ്പ് ചുമത്തിയതായി ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രിം കോടതി സമ്മതിച്ചതായി ബാര്‍ ആന്റ് ബെഞ്ച് റിപോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ജസ്റ്റീസുമാരായ യു യു ലളിത്, ഇന്ദിര ബാനര്‍ജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടി. നേരത്തേ സമാനമായ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
മണിപ്പൂരി മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കംചെ, ഛത്തീസ്ഗഢില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ കനയ്യ ലാല്‍ ശുക്ല എന്നിവരാണ് ഹരജിക്കാര്‍. സംസ്ഥാന സര്‍ക്കാറുകളേയും കേന്ദ്രത്തേയും വിമര്‍ശിച്ചതിന് തങ്ങള്‍ക്കെതിരെ 124 എ വകുപ്പ് ചുമത്തിയതായി ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ കാര്‍ട്ടൂണുകള്‍ പങ്കുവെച്ചതിനും അഭിപ്രായം പറഞ്ഞതിനുമാണ് കേസ്.ഭരണഘടനയുടെ 19(1)(എ) ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഈ വകുപ്പെന്നും പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു.
1962നു ശേഷം 124 എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപക ദുരുപയോഗം അതിന്റെ സാധുത മാത്രമല്ല, നിയമത്തിലെ അവ്യക്തകളും അനിശ്ചിതത്വവും വ്യക്തമാക്കുന്നു. ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിനു മേലും അത് ദുസ്സ്വാധീനം ചെലുത്തുന്നു. മുമ്പ് കോളനിയായിരുന്ന രാജ്യങ്ങള്‍ പിന്നീട് ഈ വകുപ്പ് ജനാധിപത്യവിരുദ്ധവും അനാശാസ്യവും അനാവശ്യവുമാണെന്ന് കണ്ടെത്തി എടുത്തുകളഞ്ഞതായി പരാതിക്കാര്‍ വ്യക്തമാക്കി.
മൂന്നു മാസം മുമ്പ് മൂന്ന് അഭിഭാഷകര്‍ ചേര്‍ന്ന് ഇതേ പരാതി നല്‍കിയിരുന്നുവെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു. 1860ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിലവില്‍ വന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമം. 1962ല്‍ കേദാര്‍ നാഥ് സിങ് ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ആറു പതിറ്റാണ്ട് മുമ്പ് അത് ശരിയാകാമെങ്കിലും ഇപ്പോള്‍ അതിന് സാധുത കാണുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.