സംവരണം 50 ശതമാനത്തില്‍ തുടരണോ?; സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടിസ്

സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രിം കോടതി അറിയിച്ചു.

Update: 2021-03-08 09:57 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രിം കോടതി. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രിം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസ് അയയ്ക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

മാര്‍ച്ച് പതിനഞ്ചിന് വിശദമായ വാദം കേട്ട ശേഷം വിപുലമായ ഭരണഘടന ബഞ്ച് രൂപീകരിക്കുന്നത് ആലോചിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത സംവരണം പ്രഖ്യാപിച്ചെതിനെതിരേയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായുള്ള ബഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ്, ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

സംവരണവുമായി ബന്ധപ്പെട്ട വിഷയം ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ ഒന്നല്ലെന്ന്, മറാത്താ സംവരണ കേസ് പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കു പറയാനുള്ളതും കേള്‍ക്കണം. വിശാലമായ സാധ്യതകളുള്ളതാണ് ഈ വിഷയമെന്നും കോടതി അഭിപ്രായപ്പെട്ടു.


Tags:    

Similar News