മുസ്‌ലിംകള്‍ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ് മാപ്പ് പറയണമെന്ന് സുപ്രിംകോടതി കൊളീജിയം

Update: 2024-12-19 01:29 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് വിശദീകരണം തേടിയ കാര്യം സുപ്രിംകോടതിയിലെ മറ്റു ജഡ്ജിമാരെ ചീഫ്ജസ്റ്റിസ് അറിയിച്ചതായി റിപോര്‍ട്ട്. ഇന്നലെ നടന്ന മുഴുവന്‍ ജഡ്ജിമാരുടെയും യോഗത്തിലാണ് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇക്കാര്യം പറഞ്ഞത്.

വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ ഡിസംബര്‍ എട്ടിന് നടത്തിയ ഏകീകൃത സിവില്‍ കോഡ് സെമിനാറില്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശമാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയിരുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ ജഡ്ജിയെ സുപ്രിംകോടതി കൊളീജിയം വിളിച്ചുവരുത്തിയിരുന്നു. ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അടക്കം അഞ്ചു മുതിര്‍ന്ന ജഡ്ജിമാരാണ് കൊളീജിയത്തിലുള്ളത്.

ശേഖര്‍ കുമാര്‍ യാദവില്‍ നിന്ന് വിശദീകരണം തേടിയ കാര്യം ഇന്നലെ വൈകീട്ട് നടന്ന മുഴുവന്‍ ജഡ്ജിമാരുടെയും യോഗത്തില്‍ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അവതരിപ്പിച്ചു. രേഖാമൂലം മാപ്പുപറഞ്ഞാല്‍ വിഷയം അവസാനിപ്പിക്കാമെന്നാണ് ശേഖര്‍കുമാര്‍ യാദവിനെ അറിയിച്ചതെന്ന് ചീഫ്ജസ്റ്റിസ് വിശദീകരിച്ചു. എന്നാല്‍, തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന രീതിയില്‍ ഭാവിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കാമെന്നായിരുന്നു ശേഖര്‍ കുമാര്‍ യാദവിന്റെ നിലപാടെന്നും ചീഫ്ജസ്റ്റിസ് ജഡ്ജിമാരെ അറിയിച്ചു.

വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാതിരുന്ന ശേഖര്‍ കുമാര്‍ യാദവിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം അടുത്ത കൊളീജിയം യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തെറ്റിധാരണകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടാവാതിരിക്കാനാണ് മുഴുവന്‍ ജഡ്ജിമാരെയും വിവരം അറിയിച്ചിരിക്കുന്നത്. ജഡ്ജിമാരെ സ്ഥലം മാറ്റാനും അവര്‍ക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താനും സുപ്രിംകോടതി കൊളീജിയത്തിന് അധികാരമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ രാഷ്ട്രപതിക്ക് സ്വീകരിക്കാം.

Similar News