അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം നീട്ടി സുപ്രിംകോടതി

പല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയും ബാന്ദ്രയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം വര്‍ഗീയ വല്‍ക്കരിച്ചെന്ന പരാതികളിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് കാണിച്ച് അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എം ആര്‍ ഷായും ഉത്തരവിട്ടത്.

Update: 2020-05-12 05:27 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം സുപ്രിംകോടതി നീട്ടി. പല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയും ബാന്ദ്രയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം വര്‍ഗീയ വല്‍ക്കരിച്ചെന്ന പരാതികളിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് കാണിച്ച് അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ തീര്‍പ്പാകുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എം ആര്‍ ഷായും ഉത്തരവിട്ടത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പോലിസിന് നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവകാശത്തിന്റേയും തുലനം പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളികളാണ് കേസുകളെന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രിംകോടതിയില്‍ വാദിച്ചത്.

മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ഏപ്രില്‍ 21ന് റിപബ്ലിക് ടി.വി നടത്തിയ ചര്‍ച്ചയിലൂടെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസെടുത്തിട്ടുണ്ട്. സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളിലും ഇദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തന്റെ ടെലിവിഷന്‍ ഷോകളിലൂടെ അര്‍ണബ് പോലിസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. 

മാധ്യമപ്രവര്‍ത്തനത്തിനെതിരായ രാഷ്ട്രീയ നീക്കമാണിതെന്നാണ് അര്‍ണബിനെതിരായ പരാതികളെ ഹരീഷ് സാല്‍വെ വിശേഷിപ്പിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റേ പേരില്‍ എന്തും വിളിച്ചുപറയുകയാണ് അര്‍ണബ് ചെയ്യുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വ്യക്തമാക്കി. വിഷയങ്ങളെ വൈകാരികമായി അവതരിപ്പിച്ച് വ്യക്തികളെ അധിക്ഷേപിക്കുകയാണ് അര്‍ണബ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ണബിനെതിരെ പരാതികളില്‍ ഏപ്രില്‍ 24ന് വരെ അറസ്റ്റ് പാടില്ലെന്ന സുപ്രിംകോടതി ഉത്തരവാണ് ഇപ്പോള്‍ ഹരജിയില്‍ തീര്‍പ്പാക്കുന്നതുവരെ നീട്ടിയത്. 

Tags:    

Similar News