
ന്യൂഡല്‍ഹി: പ്രണയബന്ധം തകര്‍ന്നതിന് ശേഷം പീഡനപരാതി നല്‍കുന്നത് തെറ്റാണെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കുന്ന സമയത്ത്, തുടക്കത്തില്‍, തെറ്റിധരിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പീഡന പരാതി നിലനില്‍ക്കൂയെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് പറഞ്ഞു. പീഡനക്കേസില്‍ ഒരു 40 കാരനായ ഒരാളെ വെറുതെവിട്ട ഉത്തരവിലാണ് സുപ്രിംകോടതി ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.
പരാതിക്കാരിയായ 36 കാരിയും പ്രതിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയും ഇത് സമ്മതിച്ചിട്ടുള്ളതാണ്. പക്ഷേ, ബന്ധം മോശമായപ്പോള്‍ പീഡന പരാതി നല്‍കുകയാണുണ്ടായിരിക്കുന്നത്. ബന്ധം മോശമാവുമ്പോള്‍ പീഡനപരാതി നല്‍കുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ വിവാഹത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍, എല്ലായ്‌പ്പോഴും അങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. വിവാഹം കഴിഞ്ഞവര്‍ പോലും പിരിയാറുണ്ട്. അതിനാല്‍, എല്ലാ വിവാഹ വാഗ്ദാനവും വിവാഹത്തില്‍ എത്തണമെന്ന് ആര്‍ക്കും പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.