ദിനകരന്റെ പാര്‍ട്ടിക്ക് പൊതു ചിഹ്നം അനുവദിക്കും
അതേ സമയം, പ്രഷര്‍ കുക്കര്‍ ചിഹ്നമായി അനുവദിക്കണമെന്ന എഎംഎംകെയുടെ ആവശ്യം കോടതി തള്ളി. ഏതെങ്കിലും ഒരു സ്വതന്ത്ര ചിഹ്നം എഎംഎംകെയുടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അനുവദിക്കാന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ടി ടി വി ദിനരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ(എഎംഎംകെ) എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഒരേ ചിഹ്നം അനുവദിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. അതേ സമയം, പ്രഷര്‍ കുക്കര്‍ ചിഹ്നമായി അനുവദിക്കണമെന്ന എഎംഎംകെയുടെ ആവശ്യം കോടതി തള്ളി. ഏതെങ്കിലും ഒരു സ്വതന്ത്ര ചിഹ്നം എഎംഎംകെയുടെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അനുവദിക്കാന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.
ദിനകരന്‍ ഗ്രൂപ്പിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുന്നു എന്ന് ഇതിന് അര്‍ഥമില്ലെന്നും എഎംഎംകെ സ്ഥാനാര്‍ഥികളെ സ്വതന്ത്രരായാണ് പരിഗണിക്കുകയെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ഇതു പ്രകാരം തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലും 19 നിയമസഭാ മണ്ഡലങ്ങളിലും ദിനകരന്‍ പക്ഷത്തിന് പൊതു ചിഹ്നത്തില്‍ മല്‍സരിക്കാം.
ഇപിഎസ്-ഒപിഎസ് വിഭാഗത്തിന് എഐഎഡിഎംകെയുടെ രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരേ ദിനകരന്‍ സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയുകയായിരുന്നു കോടതി.
ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പാര്‍ട്ടിക്ക് പൊതുചിഹ്നം അനുവദിക്കാനാവില്ലെന്ന് സുപ്രിം കോടതി വാദം കേള്‍ക്കലിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ടില ചിഹ്നത്തിനുള്ള അവകാശവാദം അടഞ്ഞ അധ്യായമാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. പ്രഷര്‍ കുക്കര്‍ അനുവദിക്കണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. വ്യക്തി എന്ന നിലയില്‍ പ്രഷര്‍ കുക്കര്‍ ആവശ്യപ്പെടാം. എന്നാല്‍, രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ചിഹ്നം ആവശ്യപ്പെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ ഇടക്കാല സംവിധാനം ഒരുക്കണമെന്ന് ദിനകരന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 19 നിയമസഭാ മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും എഎംഎംകെ മല്‍സരിക്കുന്ന കാര്യം കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക അദ്ദേഹം കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചു. ഇത്രയും പേര്‍ വിവിധ ചിഹ്നങ്ങളില്‍ മല്‍സരിക്കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്വതന്ത്ര ചിഹ്നം മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും അനുവദിക്കണമെന്നും കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഈ ആവശ്യം സുപ്രിം കോടതി അനുവദിക്കുകയായിരുന്നു.