മതവികാരത്തേക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശം; കന്‍വാര്‍ യാത്രാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് സുപ്രിംകോടതി

മഹാമാരിക്കാലത്ത് പ്രതീകാത്മക കന്‍വര്‍ യാത്രയ്ക്ക് നല്‍കിയ അനുമതി പുനപ്പരിശോധിക്കാനാവുമോയെന്ന് യുപി സര്‍ക്കാരിനോട് ആരാഞ്ഞുകൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

Update: 2021-07-16 10:44 GMT

ന്യൂഡല്‍ഹി: മതം ഉള്‍പ്പെടെയുള്ള ഏതു വികാരവും ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിനു താഴെയാണെന്ന് സുപ്രിം കോടതി. മഹാമാരിക്കാലത്ത് പ്രതീകാത്മക കന്‍വര്‍ യാത്രയ്ക്ക് നല്‍കിയ അനുമതി പുനപ്പരിശോധിക്കാനാവുമോയെന്ന് യുപി സര്‍ക്കാരിനോട് ആരാഞ്ഞുകൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

ഭരണഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പരമമാണെന്ന്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ബിആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. മതം ഉള്‍പ്പെടെയുള്ള ഏതു വികാരവും അതിനു താഴെയേ വരൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിനു ശിവഭക്തതര്‍ ഘോഷയാത്രയായി വന്ന് ഗംഗാജലമെടുക്കുന്നതാണ് കന്‍വര്‍ യാത്ര. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇതു നിരോധിച്ചിരുന്നു. എന്നാല്‍ യാത്ര പ്രതീകാത്മകമായി നടത്തുമെന്നാണ് യുപി സര്‍ക്കാര്‍ അറിയിച്ചത്.

യാത്ര അനുവദിക്കരുതെന്നും ഗംഗാജലം ടാങ്കറുകളില്‍ എത്തിച്ചുനല്‍കാന്‍ സംവിധാനം ഒരുക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ നിലപാടെടുത്തത്. ശിവക്ഷേത്രങ്ങളോടു ചേര്‍ന്ന് ഇത്തരം വിതരണ കേന്ദ്രങ്ങള്‍ ഒരുക്കണം. ഇതു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാവണമെന്നും തുഷാര്‍ മേത്ത പറഞ്ഞു.

യാത്ര പൂര്‍ണമായും നിരോധിക്കാനാവില്ലെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ പറഞ്ഞു. കൊവിഡ് സാഹചര്യവും മതവികാരവും കണക്കിലെടുത്ത് പ്രതീകാത്മക യാത്രയാണ് നടത്തുകയെന്നും വളരെ കുറച്ചു പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നും വൈദ്യനാഥന്‍ അറിയിച്ചു.

Tags:    

Similar News