ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

ഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.

Update: 2022-01-12 09:41 GMT

ന്യൂഡല്‍ഹി: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രതികരണമാരാഞ്ഞ് സുപ്രിം കോടതി നോട്ടീസ് അയച്ചു.ഹരിദ്വാറിലെ ധര്‍മസന്‍സദ് സന്യാസി സമ്മേളനത്തില്‍ രാജ്യത്തെ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ഉത്തരാഘണ്ഡ് സര്‍ക്കാറിനെ പുറമെ സന്‍സദില്‍ പങ്കെടുക്കുകയും പരിപാടി സംഘടിപ്പിച്ച ചെയ്ത സംഘടനകള്‍ക്കും കോടതി നോട്ടിസ് അയച്ചു.

ഇത്തരം ഒത്തുചേരലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ മുന്‍ വിധികളില്‍ ഉത്തരവിട്ടിരുന്നതായി കേസിലെ ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ കേസില്‍ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ കൂടുതല്‍ ധരം സന്‍സദുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടുത്ത സന്‍സദിന് മുമ്പ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു.

ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ത്രിദിന 'ധരം സന്‍സദ്' സമ്മേളനത്തിലാണ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പ്രകോപനപരവും വര്‍ഗീയവുമായ പ്രസംഗങ്ങള്‍ നടന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്ത നിരവധി ഹിന്ദു മത നേതാക്കള്‍ മുസ്‌ലിംകള്‍ക്കെതിരേ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.

'ഈ വിഷയം അടിയന്തിരമായി കേള്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഉന, ദസ്‌ന, അലിഗഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ ധരം സന്‍സദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സമാധാന അന്തരീക്ഷത്തെ തകിടം മറിക്കും. ഇത് പ്രകോപനമാണ്'- കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അത്തരമൊരു കാര്യം കൃത്യമായി തടയാന്‍ പ്രിവന്റീവ് തടങ്കല്‍ നിയമം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി നേരത്തെ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.

ഹരിദ്വാര്‍ ധരം സന്‍സദില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. ഡല്‍ഹിയിലും ഹരിദ്വാറിലും അടുത്തിടെ നടന്ന ചടങ്ങുകളിലെ വിദ്വേഷ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയിലെ 76 അഭിഭാഷകര്‍ നേരത്തെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തെഴുതിയിരുന്നു.

Tags:    

Similar News