വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി കുറ്റക്കാരനാണെന്ന വിധിക്കുള്ള സ്‌റ്റേ സുപ്രിംകോടതി റദ്ദാക്കി

Update: 2023-08-22 09:16 GMT

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്ത നടപടി സുപ്രിം കോടതി റദ്ദാക്കി. കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഹൈക്കോടതി വിധി വരുന്നതുവരെ എംപി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ആക്രമണക്കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം തടവുശിക്ഷയ വിധിച്ചത്. എന്നാല്‍ ഫൈസല്‍ എംപിയാണെന്ന കാരണം ചൂണ്ടിക്കാട്ടി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതുവഴിയാണ് ഫൈസലിന് എംപി സ്ഥാനം നിലനിര്‍ത്താനായത്. എന്നാല്‍, സാധാരണ പ്രതിയോട് സ്വീകരിക്കുന്ന സമീപനമല്ല ഫൈസലിനോട് സ്വീകരിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ഹൈക്കോടതി നടപടി റദ്ദാക്കിയത്.

    സ്‌റ്റേ ഉത്തരവ് റദ്ദാക്കിയാല്‍ എംപി സ്ഥാനത്തിന് അയോഗ്യനാവുമെന്ന് ഫൈസലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സീറ്റ് ഒഴിച്ചിടുന്നത് വോട്ടര്‍മാരുടെ അവകാശത്തെ ഹനിക്കുന്ന കാര്യമാണെന്ന രാഹുല്‍ ഗാന്ധി കേസിലെ സുപ്രിം കോടതി വിധി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിധി വരുന്നതുവരെ എംപി സ്ഥാനത്ത് തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.

Tags:    

Similar News