ഗവേഷകരായ ദലിത് ദമ്പതികളുടെ ലാപ്‌ടോപ്പും സര്‍ട്ടിഫിക്കറ്റുകളും തട്ടിയെടുത്തു; ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഗവേഷകരായ ദലിത് ദമ്പതികളുടെ ഗവേഷണ വിവരങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും സര്‍ട്ടിഫിക്കറ്റുകളും മോഷണം പോയതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. എസ്‌സി-എസ്ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ സ്വത്തുനാശത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥ ബൗദ്ധികസ്വത്തിനും ബാധകമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ഗവേഷകരായ ക്ഷിപ്ര യൂകെ, ശിവ് ശങ്കര്‍ദാസ് എന്നിവര്‍ക്കുണ്ടായ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന 2023ലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവാണ് ശരിവെച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയവരാണ് ഇരുവരും. 2015ല്‍ നാഗ്പൂരിലെ ദീക്ഷഭൂമിയില്‍ ഇരുവരും ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ താമസിച്ചാണ് ഗവേഷണം നടത്തിയിരുന്നത്. 2018ല്‍ സവര്‍ണജാതിയില്‍ പെട്ട വീട്ടുടമയുടെ മകനും പോലിസും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും സര്‍ട്ടിഫിക്കറ്റുകളും തട്ടിയെടുത്തു. ഈ സംഭവത്തില്‍ പോലിസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. ബൗദ്ധികസ്വത്ത് നഷ്ടപ്പെട്ടതിന് പരിഹാരം തേടി ഇരുവരും ദേശീയപട്ടികജാതി കമ്മീഷനെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിലെ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ ബൗദ്ധികസ്വത്തിനും ബാധകമാണെന്നാണ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍, ഈ വിധി ദേശീയപട്ടികജാതി കമ്മീഷന്‍ പാലിച്ചില്ല. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയില്‍ എത്തിയത്.