മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം- കാംപസ് ഫ്രണ്ട്
സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട നാള്‍വഴികള്‍ അവഗണിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട 2008 ആഗസ്ത് 16ലെയും 2011 ഫെബ്രുവരി 22ലെയും 2015 മെയ് എട്ടിലെയും സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.
കോഴിക്കോട്: മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു. സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട നാള്‍വഴികള്‍ അവഗണിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട 2008 ആഗസ്ത് 16ലെയും 2011 ഫെബ്രുവരി 22ലെയും 2015 മെയ് എട്ടിലെയും സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയത്.
കേരളീയ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം ക്രിസ്ത്യാനികളേക്കാളും പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളേക്കാളും വളരെ താഴെയാണെന്നായിരുന്നു സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 24.70 ശതമാനമാണ്. എന്നാല്‍, കോളജ് വിദ്യാഭ്യാസത്തില്‍ 8.1 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. ഹിന്ദുക്കളുടേത് 18.7 ശതമാനവും ക്രിസ്ത്യാനികളുടേത് 20.5 ശതമാനവും നില്‍ക്കുമ്പോഴാണിത്.
ദാരിദ്ര്യത്തില്‍ മുസ്‌ലികളുടെ അവസ്ഥ 28.7 ശതമാനമായിരിക്കെ ക്രിസ്ത്യാനികളുടേത് വെറും നാലുശതമാനമാണ്. ഒരര്‍ഥത്തിലും രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ തുല്യരല്ലെന്ന് വ്യക്തമാക്കുന്നതാണിവ. അതോടൊപ്പം, സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കിങ് മേഖലയിലും മറ്റും ഉയര്‍ന്ന തസ്തികകളിലെ മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലായിരുന്നു. ഈ കണ്ടെത്തെലുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോച്ചിങ് സെന്ററുകളില്‍ മറ്റു ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കുകൂടി പ്രവേശനം അനുവദിച്ചത്.
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തി അവര്‍ക്ക് വേണ്ടി രൂപം കൊടുത്ത പദ്ധതികളില്‍ മറ്റുള്ള വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത് അനീതിയാണ്. അതുകൊണ്ടുതന്നെ മുസ്‌ലിം പ്രീണനമെന്ന സംഘപരിവാര്‍ വാദത്തിന് സാധൂകരണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവാത്തതാണ്. മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശമായ സ്‌കോളര്‍ഷിപ്പുകളില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടനടി നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.