സ്‌കൂള്‍ തുറക്കുന്നു; കൊവിഡിനെതിരെ വേണം കൂടുതല്‍ ജാഗ്രത
കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയില്‍ തന്നെയുണ്ടെന്നതിനാല്‍ അധ്യാപകരും , രക്ഷകര്‍ത്താക്കളും കുട്ടികളുടെ സുരക്ഷയില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു
കൊച്ചി: നീണ്ട കാത്തിരിപ്പിനു ശേഷം പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂളുകള്‍ തുറക്കുകയാണ്.ഏറെ നാളത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ശേഷം സ്‌കൂളുകളിലേക്ക് പോകുന്നതിനുള്ള ആവേശത്തിലാണ് കുട്ടികള്‍. കൊറോണ വൈറസ് ഇപ്പോഴും നമ്മുടെയിടയില്‍ തന്നെയുണ്ടെന്നതിനാല്‍ അധ്യാപകരും , രക്ഷകര്‍ത്താക്കളും കുട്ടികളുടെ സുരക്ഷയില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നെന്ന് ഉറപ്പു വരുത്തുക. മഴക്കാലമായതിനാല്‍ മാസ്‌ക് നനയാന്‍ സാധ്യതയുള്ളതിനാല്‍ ഒന്നിലധികം മാസ്‌ക് കയ്യില്‍ കരുതണം. നനഞ്ഞതും , ഈര്‍പ്പമുളളതുമായ മാസ്‌ക് ധരിക്കരുത്. മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയരുത്. ഉപയോഗിച്ച മാസ്‌കുകള്‍ പ്രത്യേകം കവറില്‍ സൂക്ഷിച്ച് വീട്ടിലെത്തിയാല്‍ സുരക്ഷിതമായി നിക്ഷേപിക്കുക. വീണ്ടും ഉപയോഗിക്കാവുന്നവ സോപ്പു വെള്ളത്തിലോ ബ്ലിച്ചിംഗ് ലായനിയിലോ അരമണിക്കൂര്‍ മുക്കിവെച്ച ശേഷം കഴുകി ഉണക്കുകസംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കുക.ക്ലാസ്സ് മുറികളിലും ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും സാമൂഹിക അകലം പാലിക്കണം. കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുന്നതാണ് അഭികാമ്യം.സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. കുട്ടികളുടെ കൈയില്‍ സാനിട്ടൈസര്‍ കരുതാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും കൈകള്‍ ഇടക്കിടെ ശുചിയാക്കാന്‍ ശ്രദ്ധിക്കണം.
പനിയും ജലദോഷവുമുള്ള കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്കയക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.കൊവിഡ് വാക്‌സിനേഷന്‍ ആദ്യ ഡോസും രണ്ടാം ഡോസും ഇനിയും എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിനെടുത്ത് സുരക്ഷിതരാകണം.കൊവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും കരുതല്‍ വേണം.കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം വീട്ടില്‍ നിന്നും തന്നെ കൊടുത്തു വിടണം.സ്‌കൂള്‍ പരിസരം ശുചിയായി സൂക്ഷിക്കുകയും, കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാ വെളളിയാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടി കൊതുകു കടിയില്‍ നിന്നും സംരക്ഷണം നേടണം.എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കെട്ടി കിടക്കുന്ന വെള്ളത്തിലിറങ്ങി കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികില്‍സക്ക് മുതിരാതെ വൈദ്യസഹായം തേടേണ്ടതാണ്.പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സിക്ക് റൂമിലേക്ക് മാറ്റുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതുമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.