സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന്

രാവിലെ പതിനൊന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

Update: 2019-03-11 03:42 GMT

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍, വി ഡി സതീശന്‍ എന്നിവര്‍ക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.അതേ സമയം വി എം സുധീരന്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. പാര്‍ട്ടിയുടെ നിരവധി ചുമതലകള്‍ വഹിക്കുന്നതിനാല്‍ കെ സി വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ കെസി വേണുഗോപാലിന് പകരക്കാരനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഷാനിമോള്‍ ഉസ്മാനടക്കമുള്ള പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത്.

അതേസമയം, നിലവിലെ സിറ്റിങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് ധാരണ. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ക്കകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് ആവശ്യത്തിലേറെ സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അത് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. യോഗം നീണ്ടു പോവാന്‍ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 15നു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം വരിക.


Tags:    

Similar News