സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് സംഘപരിവാറിന് വഖ്ഫ് ഭൂമിയില്‍ കൈകടത്താനുള്ള വഴി കാട്ടുന്നു; ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണം: എസ്ഡിപിഐ

തളിപ്പറമ്പ് : പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റി സര്‍ സയ്യിദ് കോളജിന് ലീസിനു കൊടുത്ത ഭൂമി കൈയ്യേറാനുള്ള മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റായ ജില്ലാ മുസ്‌ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ നീക്കത്തില്‍ മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇക്ബാല്‍ തിരുവട്ടൂര്‍ ആവശ്യപ്പെട്ടു.
ലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമൂദ് സെക്രട്ടറിയും പ്രാദേശികനേതാവ് പി മഹമൂദ് പ്രസിഡന്റുമായ ട്രസ്റ്റിന്റെ ഭാഗത്തു നിന്നും നിഗൂഢനീക്കമുണ്ടായിട്ടും ലീഗ് പുലര്‍ത്തുന്ന മൗനം ആശ്ചര്യകരമാണ്. കേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് ബില്ലിനെതിരെ റാലി നടത്താന്‍ തുനിഞ്ഞിറങ്ങുന്നവര്‍ തളിപ്പറമ്പില്‍ സ്വന്തം ട്രസ്റ്റ് കാണിക്കുന്ന വഖ്ഫ് കൈയ്യേറ്റശ്രമത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 54 വര്‍ഷമായി ലീസ് നല്‍കുന്ന 25ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നരിക്കോട് ഇല്ലത്തിനാണെന്ന വിചിത്രവാദമാണ് ട്രസ്റ്റ് ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. വഖ്ഫ് ഭേദഗതി നിയമം വഴി കേന്ദ്രസര്‍ക്കാര്‍ ന്യുനപക്ഷവേട്ടക്ക് കളമൊരുക്കുമ്പോള്‍ സംഘപരിവാറിന് കൈകടത്താനാവുന്ന വാദമാണ് സര്‍ സയ്യിദ് കോളേജ് മാനേജ്‌മെന്റിന്റേത്. ഈ വഞ്ചന പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മണ്ഡലം സെക്രട്ടറി മുസ്തഫ കേളോത്, എം മുഹമ്മദലി, ഇബ്രാഹിം തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.