പ്രവാസി വഞ്ചന അവസാനിപ്പിക്കണം; നോര്‍ക്ക സെന്ററിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നോര്‍ക്ക സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൊയ്തീന്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീര്‍ ആസാദ്, ട്രഷറര്‍ ജലീല്‍ കരമന, ജില്ലാ കമ്മിറ്റിയംഗങ്ങളായ മാഹീന്‍ പരുത്തിക്കുഴി, മഹ്ഷൂഖ് വള്ളക്കടവ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
'പ്രവാസികള്‍ നാടിന്റെ നട്ടെല്ല്, പ്രവാസികളെ ഇനിയും പ്രയാസപ്പെടുത്തരുത്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാനക്കൂലി പിന്‍വലിക്കുക, കൊവിഡ് രോഗം ബാധിച്ച് വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക, മതിയായ ധനസഹായം നല്‍കുക, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആഹാരവും ചികില്‍സയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുന്നത്. 25ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.