ഗ്രോ വാസുവിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി: കള്ളക്കേസ് ചുമത്തുന്ന ആഭ്യന്തര വകുപ്പിനേറ്റ തിരിച്ചടി-എസ് ഡിപിഐ
തിരുവനന്തപുരം: മനുഷ്യാവകാശ പോരാളിയും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസുവിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ആഭ്യന്തര വകുപ്പിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാവുന്നതാണ് ഈ വിധി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും കൈയാമം വച്ച് തടവിലാക്കി മെരുക്കിയെടുക്കാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തിനെതിരെയാണ് എ വാസു എന്ന പോരാളി തടവറയെ സ്വീകരിച്ച് വെല്ലുവിളി നടത്തിയത്. ഭരണകൂടങ്ങള്‍ക്കെതിരേ അദ്ദേഹം സംസാരിക്കുന്നതു പോലും സര്‍ക്കാരും പോലിസും ഭയപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം പുറത്തുവരാതിരിക്കാന്‍ പോലിസ് തൊപ്പി കൊണ്ടും കൈകള്‍ കൊണ്ടും അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയായിരുന്നു.
എട്ട് മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയ ഭരണകൂടത്തിനെതിരെയായിരുന്നു അദ്ദേഹം പ്രതിഷേധിച്ചത്. ആ കേസ് അന്വേഷിക്കണമെന്നാണ് എ വാസു ആവശ്യപ്പെട്ടിട്ടുള്ളത്. അത് ന്യായവുമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന ആവശ്യം കോടതി വിധിയോടെ കൂടുതല്‍ പ്രസക്തമായിരിക്കുന്നു. നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി തന്റെ അനാരോഗ്യം പോലും മറന്ന് പോരാടിയ ഗ്രോ വാസുവിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നര മാസം നീണ്ട കാരാഗൃഹവാസവും കടുത്ത നീതിനിഷേധമാണ്. നിരപരാധികളെ വേട്ടയാടുന്ന ഭരണകൂടങ്ങള്‍ക്കെതിരായി മനുഷ്യാവകാശ ശബ്ദങ്ങള്‍ ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പൗരത്വനിഷേധത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കള്ളക്കേസുകള്‍ ചുമത്തിയുള്ള വേട്ട ഇപ്പോഴും തുടരുകയാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രസ്തുത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്‍, സെക്രട്ടറിയേറ്റംഗങ്ങളായ അശ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത്, വി ടി ഇഖ്‌റാമുല്‍ ഹഖ് സംസാരിച്ചു.