ഇസ്രായേല്‍ നരനായാട്ട്: ഐക്യരാഷ്ട്രസഭയ്ക്കും ഒഐസിക്കും എസ്ഡിപിഐ കത്തെഴുതി
ഇസ്രായേല്‍ പോലിസിന്റെ സഹായത്തോടെ ജറുസലേമിലെ ഷെയ്ക്ക് ജര്‍റാ പ്രദേശത്തെ ഫലസ്തീന്‍ നിവാസികളെ കുടിയൊഴിപ്പിക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ ഇറങ്ങിത്തിരിച്ചതാണ് നിലവിലെ മോശപ്പെട്ട അവസ്ഥയ്ക്ക് കാരണം.
ന്യൂഡല്‍ഹി: മധ്യപൂര്‍വ പ്രദേശത്ത് മൂര്‍ധന്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ സൃഷ്ടിച്ച യുദ്ധസമാന സാഹചര്യം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനും ഒഐസി സെക്രട്ടറി ജനറലിനും ഇ-മെയില്‍ സന്ദേശമയച്ചു. ഇസ്രായേല്‍ പോലിസിന്റെ സഹായത്തോടെ ജറുസലേമിലെ ഷെയ്ക്ക് ജര്‍റാ പ്രദേശത്തെ ഫലസ്തീന്‍ നിവാസികളെ കുടിയൊഴിപ്പിക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ ഇറങ്ങിത്തിരിച്ചതാണ് നിലവിലെ മോശപ്പെട്ട അവസ്ഥയ്ക്ക് കാരണം.
'യുദ്ധക്കുറ്റ'ത്തിന് സമാനമാണ് ഈ കുടിയൊഴിപ്പിക്കലെന്നാണ് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ഉരസലുകളുടെ തുടര്‍ച്ചയായി, പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്‌സാ പള്ളിയില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
ഹമാസ് ഇതിനു തിരിച്ചടിക്കുകയും പകരം അനേകം മനുഷ്യജീവനുകള്‍ അപഹരിച്ച് ഇസ്രായേല്‍ ഗസയില്‍ ബോംബ് വരഷം ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് എസ്ഡിപിഐ അഭ്യര്‍ഥിച്ചത്. 'അന്ത്യമില്ലാതെ തുടരുന്ന ഇസ്രായേല്‍ നിഷ്ടൂരതയില്‍ അനേകം മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര സമൂഹം ശക്തിയായി ഇടപെട്ട് അവര്‍ക്ക് കടിഞ്ഞാണിടുകയും ഫലസ്തീന്‍ ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പുവരുത്തുകയും ചെയ്യുന്നില്ലെങ്കില്‍ അവരുടെ വംശഹത്യാ നയങ്ങള്‍ അവര്‍ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല- അദ്ദേഹം ഇ-മെയിലില്‍ സൂചിപ്പിച്ചു.