കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വസതികളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ വികസനത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ഫാഷിസ്റ്റ് ഭരണകൂടം തങ്ങളുടെ ഭരണ പരാജയം മറയ്ക്കാന്‍ രാജ്യത്തിന്റെ നിഴല്‍ ശത്രുവിനെ സൃഷ്ടിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നൂറിലധികം മുന്‍നിര നേതാക്കളും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഏതാനും നേതാക്കളും ഇന്നലെ അര്‍ധരാത്രിക്ക് ശേഷം രാജ്യത്തുടനീളം അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ-സംസ്ഥാന നേതാക്കളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി അവരെ പിടികൂടിയത് എതിരാളികളെ ഭയപ്പെടുത്താനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈകളിലെ രണ്ട് അടിമകളായ എന്‍ഐഎയും ഇഡിയുമാണ്. നേതാക്കളുടെ വസതികളില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെ സ്ഥിരീകരണമാണ്.
രാജ്യത്തെ ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, ജനാധിപത്യവിരുദ്ധതയെ വെല്ലുവിളിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്തത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുമാണ്. രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വിഭജന രാഷ്ട്രീയം. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടം ഇത്തരം റെയ്ഡുകളിലൂടെയും അറസ്റ്റുകളിലൂടെയും വിയോജിപ്പുള്ളവരെ അടിച്ചമര്‍ത്താന്‍ സ്വപ്‌നം കാണുന്നുവെങ്കില്‍ അത് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും ഫൈസി പറഞ്ഞു.
അന്യായമായ റെയ്ഡുകളും അറസ്റ്റുകളും ജനകീയ പ്രക്ഷോഭങ്ങള്‍ ഉപയോഗിച്ച് ചെറുക്കും. സംഘടനകളെ പൈശാചികവല്‍ക്കരിക്കാനും രാജ്യത്തെ നിരപരാധികളായ ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനും രാജ്യത്തിന് നിര്‍ണായക ശത്രുവുണ്ടാക്കാനുമാണ് നേതാക്കളുടെ റെയ്ഡും അറസ്റ്റും. നിരന്തരമായ ആരോപണങ്ങളും റെയ്ഡുകളും ഉണ്ടായിട്ടും സംഘടനകള്‍ക്കെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയോ സാമ്പത്തിക ദുര്‍വിനിയോഗത്തിന്റെയോ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അന്യായവും ജനാധിപത്യ വിരുദ്ധവുമായ നടപടികളോട് രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന മൗനം ഏറ്റവും അസ്വസ്ഥവും ഖേദകരവുമായ ഭാഗമാണെന്നും ഫൈസി ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തെ ചെറുക്കാനും പരാജയപ്പെടുത്താനും എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ച് മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അറസ്റ്റ് ചെയ്ത എല്ലാ നേതാക്കളെയും ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ രാജ്യത്തെ മതേതര പൗരന്മാരെ ഉള്‍പ്പെടുത്തി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.