അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഇസ്‌ലാമോഫോബിക് തീരുമാനം പിന്‍വലിക്കുക: എസ് ഡിപിഐ
ന്യൂഡല്‍ഹി: അസമില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള തികച്ചും ഇസ്‌ലാമോഫോബിക് ആയ തീരുമാനം പിന്‍വലിക്കണമെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സംവരണം പോലെ ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ എയിഡഡ് മദ്‌റസകള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത മദ്‌റസകളില്‍ നിന്നു വ്യത്യസ്തമായി എയിഡഡ് മദ്‌റസകളില്‍ ഇസ്‌ലാമിക വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കുന്നു. ഇത്തരം മദ്‌റസകളില്‍ നിന്ന് പള്ളി ഇമാമുമാര്‍ മാത്രമല്ല, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള പ്രഫഷനലുകളും പരിശീലനം നേടി പുറത്തുവരുന്നു. മറ്റു സ്‌കൂളുകളുമായി ഈ മദ്‌റസകള്‍ക്ക് ആകെയുള്ള വ്യത്യാസം ഇവിടെ ഗണിതം, സയന്‍സ്, ഹുമാനിറ്റീസ് തുടങ്ങിയ ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസവും കൂടി നല്‍കുന്നു എന്നതാണ്.
ആധുനിക സ്‌കൂളുകളില്‍ അയയ്ക്കാന്‍ വിമുഖതയുള്ളവരും മദ്‌റസകളില്‍ മാത്രം കുട്ടികളെ പഠിപ്പിക്കുകയുള്ളൂ എന്ന് നിര്‍ബന്ധവുമുള്ള മുസ്‌ലിം രക്ഷകര്‍ത്താക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എയ്ഡഡ് മദ്‌റസകള്‍ സ്ഥാപിച്ചത്. അസമിനെ കൂടാതെ ബംഗാളിലും ബിഹാറിലും ഇത്തരം എയ്ഡഡ് മദ്‌റസകള്‍ നിലവിലുണ്ട്.
അസമില്‍ 614 മദ്‌റസകളിലായി 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സഹായമില്ലാതെ പൊതുജനങ്ങളുടെ സംഭാവനകള്‍ കൊണ്ടുമാത്രം പഠിക്കുന്നു. അസം സര്‍ക്കാര്‍ മതേതരത്വ മുഖം നല്‍കുന്നതിന് 97 സംസ്‌കൃത സ്‌കൂളുകള്‍ അടച്ച് സമീകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ സംസ്‌കൃത സ്‌കൂളുകളാവട്ടെ വിഷയം പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ കിട്ടാതെ സ്വയം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മതഗ്രന്ഥം നല്‍കുകയാണെങ്കില്‍ വിവിധ മതവിഭാഗങ്ങള്‍ ഗീതയും ബൈബിളും ആവശ്യപ്പെടുമെന്ന വിചിത്രവാദമാണ് വിദ്യാഭ്യാസ മന്ത്രി ഉന്നയിക്കുന്നത്. മദ്‌റസാ സമ്പ്രദായത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാവന പോലെ അത്തരം ചോദ്യങ്ങള്‍ നാളിതുവരെ ഉയര്‍ന്നിട്ടില്ല.
മുസ്‌ലിം സമൂഹത്തെ അടിച്ചമര്‍ത്താനും അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് അസം സര്‍ക്കാരിന്റെ നടപടിയെന്നും അസമിലെ മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ പൗരത്വം നഷ്ടപ്പെടുമോയെന്ന ഭീഷണിയിലാണെന്നും എസ് ഡിപിഐ വിലയിരുത്തുന്നു. മദ്‌റസകള്‍ അടച്ചുപൂട്ടാനുള്ള ഇസ്‌ലാമോഫോബിക് ആയ തീരുമാനം പിന്‍വലിക്കണമെന്നും സൗഹാര്‍ദ്ദവും നിര്‍ഭയത്വവും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സമാധാനപരമായ അന്തരീക്ഷവും ഉറപ്പാക്കണമെന്നും അസം സര്‍ക്കാരിനോട് ഫൈസി ആവശ്യപ്പെട്ടു.