നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വത്തിന്‍ കീഴില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ എളുപ്പം: എസ്ഡിപിഐ

ഫാഷിസ്റ്റ് ബിജെപിയെ മാത്രമല്ല, തന്നെ തോല്‍പ്പിക്കാന്‍ കൈകോര്‍ത്ത മതേതരരെന്നു അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനും സിപിഎമ്മിനും എതിരെക്കൂടി ഒറ്റക്ക് പൊരുതിയാണ് മമത ഈ ചരിത്രപരമായ വിജയം കരസ്ഥമാക്കിയത്.

Update: 2021-05-03 09:05 GMT

കോഴിക്കോട്: ബിജെപിയെയും അവരുടെ കൂട്ടാളികളെയും അധികാരത്തിലേറ്റാതെ അകറ്റിനിര്‍ത്തിയ പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ എസ്ഡിപിഐ അഭിനന്ദിച്ചു. ഫാഷിസ്റ്റ് ശക്തികളെ അടുപ്പിക്കില്ലെന്ന വോട്ടര്‍മാരുടെ പൊതുവായ നിലപാട് ആശാവഹമാണെന്നും എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി പറഞ്ഞു. നിലവില്‍ ഒരു സീറ്റുണ്ടായിരുന്ന കേരള നിയമസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടര്‍മാര്‍ ഒരു സീറ്റും നല്‍കിയില്ല. തമിഴ്‌നാട്ടിലും ബിജെപിയുമായി സഖ്യത്തിലുള്ള എഐഡിഎംകെ മുന്നണിക്കെതിരായാണ് ഭൂരിപക്ഷം വോട്ടര്‍മാരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

പശ്ചിമബംഗാളില്‍ നിന്നാണ് ഏറ്റവും സന്തോഷകരമായ ഫലങ്ങള്‍. ബംഗാളില്‍ അധികാരം പിടിച്ചടക്കാന്‍ തങ്ങളുടെ മുഴുവന്‍ പാര്‍ട്ടി സംവിധാനങ്ങളും, കേന്ദ്രത്തിലെ തങ്ങളുടെ അധികാരവും ബിജെപി ഉപയോഗിക്കുകയുണ്ടായി. തങ്ങളുടെ വിജയം ഉറപ്പിക്കുന്നതിനായി, എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എല്ലാ ഘട്ടങ്ങളിലും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വന്‍തോക്കുകള്‍ മുഴുവന്‍ അവിടെ തമ്പടിച്ച് പ്രചാരണത്തില്‍ മുഴുകിയിരുന്നു. ഇത്തരം എല്ലാ കോലാഹലങ്ങളെയും ശക്തിപ്രകടനങ്ങളെയും കവച്ചുവച്ചാണ് മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമായി ഇരുന്നൂറിലധികം സീറ്റുകള്‍ നേടിയും, ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കിയും വന്‍വിജയത്തിലേക്ക് കുതിച്ചത്. ഫാഷിസ്റ്റ് ബിജെപിയെ മാത്രമല്ല, തന്നെ തോല്‍പ്പിക്കാന്‍ കൈകോര്‍ത്ത മതേതരരെന്നു അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനും സിപിഎമ്മിനും എതിരെക്കൂടി ഒറ്റക്ക് പൊരുതിയാണ് മമത ഈ ചരിത്രപരമായ വിജയം കരസ്ഥമാക്കിയത്.

പശ്ചിമബംഗാളില്‍ തങ്ങളുടെ വര്‍ഗീയ അജണ്ടയുടെ ഫലം കൊയ്യുന്നതില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു. ഇതിനകം ഫാഷിസ്റ്റുകള്‍ വര്‍ഗീയമായി വിഭജിച്ച അസമും പുതുച്ചേരിയും ഫാഷിസ്റ്റുകള്‍ക്കൊപ്പം നിലകൊണ്ടപ്പോള്‍, വര്‍ഗീയധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും ഫാഷിസ്റ്റ് അജണ്ട ബംഗാള്‍ ജനത അവിതര്‍ക്കതിമായി നിരാകരിക്കുയാണ് ചെയ്തത്. ഫാഷിസത്തിനെതിരെയുള്ള തങ്ങളുടെ പോസിറ്റിവ് നിലപാടിന് ബംഗാള്‍ ജനത അഭിനന്ദനമര്‍ഹിക്കുന്നു.

അപ്രതിരോധ്യമായ നിശ്ചയദാര്‍ഢ്യവും, ഇഛയുമുള്ള കരുത്തുറ്റ ഒരു നേതാവ് നയിക്കുന്ന ജനതക്ക് മുമ്പില്‍ ഫാഷിസം പരാജയപ്പെടുമെന്നതാണ് ഇന്ത്യന്‍ സമൂഹത്തിന് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന പാഠം.

പശ്ചിമബംഗാളില്‍ നിന്നുള്ള ഈ പാഠം ഉള്‍ക്കൊണ്ട് രാജ്യത്തെ വിനാശത്തിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പടുത്താന്‍ ഒന്നിച്ചു നില്‍ക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടുന്നു.

Tags:    

Similar News