കണ്ണൂരില്‍ കരുത്തുകാട്ടി എസ് ഡിപി ഐ; രണ്ടില്‍ നിന്ന് 13ലേക്ക് കുതിച്ചു
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ സ്വകാര്യ കോളജിനു എംപി ഫണ്ട് ലഭ്യമാക്കാന്‍ സിപിഎം-ലീഗ്-കോണ്‍ഗ്രസ് ഒത്താശ ചെയ്തത് വിവാദമായ ഇരിട്ടി നഗരസഭയില്‍ മുന്നണികളുടെ ആര്‍എസ്എസ് കൂട്ടുകെട്ട് ജനങ്ങളിലേക്കെത്തിച്ചത് ജനം അംഗീകരിച്ചുവെന്നു വേണം മനസ്സിലാക്കാന്‍
കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കരുത്തുകാട്ടി എസ്ഡിപി ഐ. അഞ്ചു വര്‍ഷത്തിനിടെ രണ്ടു സീറ്റില്‍ നിന്ന് 13 സീറ്റുകളിലേക്കാണ് പാര്‍ട്ടിയുടെ കുതിപ്പ്. അതിനു മുമ്പ് ഒരു സീറ്റിലായിരുന്നു ജയിച്ചിരുന്നത്. ഇത്തവണയാവട്ടെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ നാലും ഇരിട്ടി നഗരസഭയിലും മാട്ടൂല്‍ പഞ്ചായത്തിലും മൂന്നുവീതം സീറ്റുകളും പാപ്പിനിശ്ശേരി പഞ്ചായത്തില്‍ രണ്ടും മുഴക്കുന്ന് പഞ്ചായത്തില്‍ ഒരു വാര്‍ഡുമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്തിയതിനു പുറമെ ഒമ്പത് സീറ്റുകളാണ് എസ് ഡിപി ഐ പിടിച്ചെടുത്തത് എന്നത് രാഷ്ട്രീയനിരീക്ഷകരിലും അമ്പരപ്പുയര്‍ത്തിയിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത്, ഇരിട്ടി നഗരസഭ എന്നിവിടങ്ങളില്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷിയും എസ് ഡിപി ഐ നേടി. മുസ് ലിം ലീഗ് പ്രതിപക്ഷമില്ലാതെ ഭരിച്ചിരുന്ന മാട്ടൂലില്‍ കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന് പ്രതിപക്ഷത്തുണ്ടായ എസ്ഡിപി ഐ ഇത്തവണ മൂന്നു സീറ്റുകള്‍ നേടി. സിറ്റിങ് സീറ്റായ 10ാം വാര്‍ഡ് മാട്ടൂല്‍ സൗത്ത് മുനമ്പ് കെ ഇസ് മീറയിലൂടെ നിലനിര്‍ത്തിയപ്പോള്‍, കഴിഞ്ഞ തവണ അവിടെ വിജയിച്ച കെ കെ അനസ് 11ാം വാര്‍ഡ് മാട്ടൂല്‍ സൗത്ത് ചാല്‍ പിടിച്ചെടുത്തു. ഇതിനുപുറമെ ഒന്നാം വാര്‍ഡ് യു സമീന കണ്ണട അടയാളത്തില്‍ മല്‍സരിച്ച് മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.
മുഴപ്പിലങ്ങാട് പഞ്ചായത്തിലാണ് ത്രസിപ്പിക്കുന്ന നേട്ടം കൊയ്തത്. നാറാത്ത് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് തടവുശിക്ഷ അനുഭവിച്ച യുവാക്കാളില്‍ ഭൂരിഭാഗവുമുള്ളത് മുഴപ്പിലങ്ങാട്, എടക്കാട് ഭാഗത്താണ്. ഇവിടെ ഭരണം നിയന്ത്രിക്കുന്ന വിധത്തിലേക്കാണ് എസ്ഡിപി ഐ തേരോട്ടം നടത്തിയത്. എല്‍ഡിഎഫിനു ആറും യുഡിഎഫിന് അഞ്ചും സീറ്റുകളുള്ളിടത്താണ് എസ്ഡി പി ഐ നാലു സീറ്റുകള്‍ നേടിയത് എന്നത് പാര്‍ട്ടിക്ക് ശക്തമായ അടിവേരുണ്ടെന്നാണു വ്യക്തമാക്കുന്നത്. പാച്ചാക്കര-റജീന ടീച്ചര്‍-636, മലക്കുതാഴെ-അഫ്‌സര്‍ മാസ്റ്റര്‍-355, ദീപ്തി വാര്‍ഡ്-തറമ്മല്‍ നിയാസ്-397, ഡിസ്‌പെന്‍സറി വാര്‍ഡ്-ഫര്‍സീന നിബ്രാസ്-532 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ സ്വകാര്യ കോളജിനു എംപി ഫണ്ട് ലഭ്യമാക്കാന്‍ സിപിഎം-ലീഗ്-കോണ്‍ഗ്രസ് ഒത്താശ ചെയ്തത് വിവാദമായ ഇരിട്ടി നഗരസഭയില്‍ മുന്നണികളുടെ ആര്‍എസ്എസ് കൂട്ടുകെട്ട് ജനങ്ങളിലേക്കെത്തിച്ചത് ജനം അംഗീകരിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് അക്കൗണ്ട് തുറക്കാനാവാതെ പോയ ഇവിടെ മൂന്നു സീറ്റുകള്‍ പിടിച്ചെടുത്താണ് കരുത്തറിയിച്ചത്. നരയംപാറ(പി ഫൈസല്‍-467), നടുവനാട്(പി സീനത്ത്-537), കൂരന്‍മുക്ക്(യു കെ ഫാത്തിമ-466) എന്നിങ്ങനെയാണ് ജയിച്ചത്. എല്ലായിടത്തും കനത്ത ത്രികോണ മല്‍സരത്തെയും മുന്നണികളുടെ ആര്‍എസ്എസ് കൂട്ടുകെട്ടിനെയും നിഷ്പ്രഭമാക്കിയാണ് ജയിച്ചുകയറിയത്.
സിപിഎമ്മിനു മേല്‍ക്കൈയുള്ള പാപ്പിനിശ്ശേരി വാര്‍ഡിലും എസ് ഡിപി ഐ മികച്ച നേട്ടം കൊയ്തു. സിറ്റിങ് വാര്‍ഡ് ബാപ്പിക്കാന്‍ തോട്ടില്‍ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനം വോട്ട് നല്‍കിയപ്പോള്‍ എസ് ഡിപി ഐ സാരഥി കെ വി മുബ്‌സീന 542 വോട്ട് നേടി ജയം നിലനിര്‍ത്തി. കഴിഞ്ഞ തവണത്തെ ബാപ്പിക്കാന്‍തോട്ടിലെ വികസനങ്ങള്‍ പറഞ്ഞ് വോട്ട് തേടിയ സി ഷാഫി തൊട്ടടുത്ത അറത്തില്‍ വാര്‍ഡില്‍ ത്രികോണ മല്‍സരത്തിലും ലീഗിന്റെ സിറ്റിങ് സീറ്റ് 100ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പന്‍കാവില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും എസ്ഡിപി ഐ ജയം തടുക്കാനായില്ല. ഇവിടെ ഷഫീന മുഹമ്മദ് 651 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. ഒറ്റയ്ക്കു മല്‍സരിച്ച് രണ്ടില്‍ നിന്ന് 13 സീറ്റുകളിലേക്ക് വിജയം നേടാന്‍ സഹായിച്ച എല്ലാവര്‍ക്കും എസ്ഡിപി ഐ ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.