എസ് ഡിടിയു അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച

Update: 2024-08-21 09:03 GMT

തിരൂര്‍: മല്‍സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ് ഡിടിയു) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'അവകാശ സംരക്ഷണ യാത്ര' വെള്ളിയാഴ്ച ആനങ്ങാടിയില്‍ നിന്ന് ആരംഭിച്ച് തീരദേശത്തെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണശേഷം പൊന്നാനിയില്‍ സമാപിക്കും. ഡീസല്‍ സബ്‌സിഡി അനുവദിക്കുക, മണ്ണെണ്ണ പെര്‍മിറ്റ് വര്‍ധിപ്പിക്കുക, തീരദേശത്ത് എല്ലായിടത്തും സുരക്ഷിതമായ കടല്‍ഭിത്തി നിര്‍മിക്കുക, വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മല്‍സ്യബന്ധനം അവസാനിപ്പിക്കുക, അനധികൃത മല്‍സ്യബന്ധന രീതിയായ രണ്ടു ബോട്ടുകള്‍ ചേര്‍ന്നുള്ള വല വലിക്കുന്നത് ഫിഷറീസ് ബോട്ട് തടയുക, മല്‍സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ലപ്‌സം ഗ്രാന്റ് വിഹിതം കാലോചിതമായി പരിഷ്‌കരിക്കുക, അമിതമായ ലൈസന്‍സ് ഫീ വെട്ടിക്കുറയ്ക്കുക, ലൈസന്‍സ് അടയ്ക്കാന്‍ വൈകിയതിന് ലക്ഷങ്ങള്‍ പിഴ ചുമത്തുന്ന ഫിഷറീസ് വകുപ്പിന്റെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സ്പീഡ് ബോട്ട് ആംബുലന്‍സ് സംവിധാനം മലപ്പുറം ജില്ലയില്‍ അനുവദിക്കുക, പുനര്‍ഗേഹം പദ്ധതിയില്‍ ഭരണക്കാരുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, തീരത്ത് നിന്നു 50മീറ്റര്‍ മാറി വീട് നിര്‍മിക്കാന്‍ കൊണ്ട് വന്ന നിയമം പുനഃപരിശോധിക്കുക തുടങ്ങി മല്‍സ്യത്തൊഴിലാളികള്‍ അനുവദിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് 'അവകാശ സംരക്ഷണ ജാഥ' സംഘടിപ്പിക്കുന്നത്. ജാഥയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ എട്ടിന് ആനങ്ങാടിയില്‍ എസ് ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി ജാഥാ ക്യാപ്റ്റനായും ജില്ലാ സെക്രട്ടറി അക്ബര്‍ പരപ്പനങ്ങാടി വൈസ് ക്യാപ്റ്റനായും നയിക്കുന്ന ജാഥ പൊന്നാനി ബസ് സ്റ്റാന്റില്‍ വൈകീട്ട് ഏഴിന് സമാപിക്കും. എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, സെക്രട്ടറിമാരായ ബിലാല്‍ പൊന്നാനി, അക്ബര്‍, ട്രഷറര്‍ അന്‍സാരി, മുഷ്ഫിഖ് സംബന്ധിച്ചു.

Tags:    

Similar News