രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്; ധനമന്ത്രിക്ക് മുന്നില്‍ വെല്ലുവിളികളേറെ

തന്റെ രണ്ടാമത്തെയും സമ്പൂര്‍ണമായ ആദ്യത്തെയും ബജറ്റാണ് ബാലഗോപാല്‍ ഇത്തവണ സഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

Update: 2022-03-11 01:10 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 9ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങും. ബജറ്റ് അവതരിപ്പിക്കുന്ന 16ാമന്‍ എന്ന ഖ്യാതിയാണ് കെഎന്‍ ബാലഗോപാലിനുള്ളത്. തന്റെ രണ്ടാമത്തെയും സമ്പൂര്‍ണമായ ആദ്യത്തെയും ബജറ്റാണ് ബാലഗോപാല്‍ ഇത്തവണ സഭയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

നികുതി വരുമാനത്തിലെ കുറവും കൊവിഡിന്റെ പ്രതിസന്ധിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇനി ജിഎസ്ടി നഷ്ടപരിഹാരം കിട്ടില്ലെന്നതും തുടങ്ങി വലിയ പ്രതിസന്ധികളാണ് കേരളത്തിന് മുന്നിലുള്ളത്. പുതിയ നികുതി പരിഷ്‌കാരം ഉള്‍പ്പെടെയുണ്ടായേക്കും.

കൊവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നല്‍കുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റില്‍ പ്രത്യേക ഊന്നലുണ്ടാകും. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

നികുതി പരിഷ്‌കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയില്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിര്‍ദേശം സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കും.

ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. സില്‍വര്‍ ലൈന്‍ പോലുള്ള പിണറായി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റില്‍ പ്രധാന നിര്‍ദേശങ്ങളുണ്ടാകും.

വെല്ലുവിളികളേറെ

മുന്‍കാല പ്രഖ്യാപനങ്ങളില്‍ പലതിലും കുടിശ്ശിക കുമിഞ്ഞുകൂടുകയാണ്. ശമ്പള പരിഷ്‌കരണ കുടിശിക, പെന്‍ഷന്‍ കുടിശിക, അവധി സറണ്ടര്‍ തുടങ്ങി സംസ്ഥാനം കൃത്യസമയത്ത് നല്‍കാതെ മാറ്റിവെച്ച പല ബാധ്യതകളും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊടുത്തുതീര്‍ക്കേണ്ടതുണ്ട്.സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞത് വലിയ പ്രതിസന്ധിയാണ്. നികുതി പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവം ചില്ലറ പ്രയാസമല്ല സൃഷ്ടിക്കുന്നത്.

മറ്റൊന്ന് കിഫ്ബിയാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിന്റെ ഭാവിപ്രതീക്ഷയെന്നാണ് ഇതുവരേക്കും ഇടത് സര്‍ക്കാരുകള്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നത് കിഫ്ബി വഴിയുള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. കിഫ്ബിക്ക് ഇനി അധികം പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞേക്കില്ല. വരുമാനം കുറഞ്ഞതിനാല്‍ ബജറ്റിന് കീഴിലും വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കുക പ്രയാസമാണ്

ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കുന്നതും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാവും. കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘിപ്പിച്ച നഷ്ടപരിഹാരം വീണ്ടും ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു.

Tags:    

Similar News