ആര്‍എസ്എസിന് ആളെകൂട്ടാന്‍ ആള്‍ദെെവം; പ്രതികരിക്കാന്‍ ഭയന്ന് സാംസ്കാരിക കേരളം
ശബരിമല വിവാദത്തിലെ എല്ലാ തോല്‍വികളും അമൃതാനന്ദമയിയെന്ന ഒറ്റമൂലികൊണ്ട് സംഘപരിവാരത്തിന് നേരിടാനായെന്നതാണ് പ്രതിയോഗികള്‍ പോലും വിലയിരുത്തുന്നത്.
കോഴിക്കോട്: ഉത്തരേന്ത്യന്‍ മാതൃകയില്‍, ആള്‍ദൈവത്തെ രംഗത്തിറക്കിയുള്ള വര്‍ഗ്ഗീയ ധ്രൂവീകരണ കലാശക്കളിക്ക് കേരളത്തിലെ സംഘപരിവാരം കോപ്പുകൂട്ടുമ്പോള്‍ സംസ്ഥാനത്തെ പ്രബല മുന്നണികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മൗനം. ശബരിമലയുടെ പേരിലുള്ള അമൃതാനന്ദമയിയുടെ പുതിയ പരസ്യപുറപ്പാടിനു പിന്നിലെ ഹിന്ദുത്വ അജണ്ട വ്യക്തമായിട്ടും ആ തലത്തില്‍ ചര്‍ച്ചകളുയരുന്നില്ല. രാഷ്ട്രീയ പ്രബുദ്ധതയെ ആള്‍ദൈവങ്ങളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്യാനുള്ള ആര്‍എസ്എസ് തന്ത്രത്തിനു മുന്നില്‍ ഇരുട്ടില്‍ തപ്പുകയാണ് ഇടതു-വലതു മുന്നണികള്‍.
അമൃതാനന്ദമയിക്കെതിരേ അതീവ ദുര്‍ബലമായ പ്രതികരണവുമായി സിപിഎം രംഗത്തു വന്നെങ്കിലും ഗൗരവമായ ചര്‍ച്ചകള്‍ ആ പാര്‍ട്ടിയും ഭയപ്പെടുന്നുവെന്നാണ് സൂചനകള്‍. യുഡിഎഫ് ആകട്ടെ മുന്‍കാലങ്ങളിലെ പോലെ ആള്‍ദൈവ ഭക്തിയുടെ മൗന വാത്മീകത്തിലുമാണ്. അമൃതാനന്ദമയിയുടെ സംഘപരിവാര ബന്ധം പുതിയ കാര്യമല്ല. എന്നാല്‍, ആര്‍എസ്എസ് അജണ്ട അനുസരിച്ചുള്ള ഒരു പൊതു പരിപാടിയില്‍ കേരളത്തില്‍ അമൃതാനന്ദമയി പ്രത്യക്ഷപ്പെട്ടത് പുതിയ സംഭവ വികാസമാണ്. തിരുവനന്ദപുരം പരിപാടിയില്‍ 'അമ്മ'പങ്കെടുക്കുക വഴി കൃത്യമായ സന്ദേഹവും സന്ദേശവുമാണ് പുറത്തു വന്നത്. ശബരിമല പ്രക്ഷോഭത്തില്‍ തുടക്കം മുതലേ തോല്‍വികളും നാണക്കേടും ഏറ്റുവാങ്ങിയ സംഘപരിവാരത്തിന്, തിരുവനന്തപുരത്ത് അമൃതാനന്ദമയിയെ രംഗത്തിറക്കിയതിലൂടെ വലിയ നേട്ടമാണ് കൈവരിക്കാനായത്.
ശബരിമല വിവാദത്തിലെ എല്ലാ തോല്‍വികളും അമൃതാനന്ദമയിയെന്ന ഒറ്റമൂലികൊണ്ട് സംഘപരിവാരത്തിന് നേരിടാനായെന്നതാണ് പ്രതിയോഗികള്‍ പോലും വിലയിരുത്തുന്നത്.ശബരിമല വിഷയത്തില്‍ ആള്‍ദൈവത്തെ രംഗത്തിറക്കിയുള്ള സംഘപരിവാറിന്റെ പൂഴിക്കടകന്‍ പ്രയോഗം വാസ്തവത്തില്‍ യുഡിഎഫിനെയാണ് ഞെട്ടിക്കേണ്ടത്. എന്നാല്‍, ഞെട്ടിയതാകട്ടെ സിപിഎമ്മാണ്.അമൃതാനന്ദമയിയെ ശബരിമല കര്‍മ്മ സമിതിയുടെ മുഖ്യ ഭാരവാഹിയാക്കി സംഘപരിവാരം അവതരിപ്പിച്ചപ്പോഴും അവരുടെ പരസ്യമായ രംഗപ്രവേശം സിപിഎം അടക്കം പ്രതീക്ഷിച്ചിരുന്നില്ല. അതു കൊണ്ടുതന്നെ, അമൃതാനന്ദമയിക്കെതിരായ പ്രതികരണങ്ങളും സിപിഎം മയപ്പെടുത്തി. ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ നടന്ന ഹര്‍ത്താലുകളില്‍ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഈ അഴിഞ്ഞാട്ടങ്ങളില്‍ ഹര്‍ത്തലാഹ്വാനം ചെയ്ത അമൃതാനന്ദമയിയടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍,ആ പൊതു വികാരം തമാശയായാണ് സര്‍ക്കാരും സിപിഎമ്മും കണ്ടത്.
അമൃതാനന്ദമയിയുടെ ആര്‍എസ്എസ് ബന്ധങ്ങള്‍ക്കെതിരേയും വള്ളിക്കാവ് ആസ്ഥാനത്തെ ദുരൂഹ മരണങ്ങള്‍ക്കെതിരേയുമൊക്കെ ഒരുകാലത്ത് സിപിഎം ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍,രാഷ്ട്രീയ അടവു നയത്തിന്റെ ഭാഗമായി 'അമ്മ'യ്‌ക്കെതിരേ സിപിഎം പിന്നീട് മൗനത്തിലായി. എന്നുമാത്രമല്ല, ഇപ്പോഴത്തെ ദേവസ്വം മന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ ഭവ്യതയോടെ അമൃതാനന്ദമയിക്കു മുന്നില്‍ ദര്‍ശനം കാത്തിരിക്കുന്നതും അടുത്തിടെ കേരളം കണ്ടു.ആര്‍എസ്എസിനും അമൃതാനന്ദമയി മഠത്തിനുമെതിരേ സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ കഴിഞ്ഞവര്‍ഷം നെടുങ്കന്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ഘട്ടത്തിലും പക്ഷേ,സംസ്ഥാന നേതൃത്വം വള്ളിക്കാവു മഠവുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിച്ചത്. അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തിയര്‍ത്തിയത് ആര്‍എസ്എസിന്റെ തണലിലാണെന്നായിരുന്നു പീപ്പിള്‍സ് ഡമോക്രസിയുടെ ആരോപണം. കോയമ്പത്തൂരില്‍ മഠം ഭൂമി കൈയേറിയതായും കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച ശിവക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതായും ലേഖനത്തിലുണ്ട്.ബിജെപി-ആര്‍എസ്എസ് സര്‍ക്കാരുകളുടെ കലവറ ഇല്ലാത്ത പിന്തുണയിലാണ് ആത്മീയ വ്യാപാരം കൊഴുപ്പിക്കുന്നതെന്നും സിപിഎം മുഖപത്രം കുറ്റപ്പെടുത്തി.
സിപിഎം അനുകൂല ചാനലിന്റെ എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശയുവതിയെ അമേരിക്കയില്‍ പോയി അഭിമുഖം നടത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. സംഭവത്തില്‍ പിന്നീട് അമൃതാനന്ദമയിയുമായി സിപിഎം സംസ്ഥാന നേതൃത്വം ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ആക്ഷേപം. വള്ളിക്കാവില്‍ നിന്ന് മര്‍ദ്ദനമേറ്റ സത്‌നാംസിംങ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി മുഖപത്രത്തില്‍ അമൃതാനന്ദമയിക്കെതിരേ വീണ്ടും ലേഖനം വന്നത്. മഠത്തില്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സത്‌നാം സിംങിനു മര്‍ദ്ദനമേറ്റത്. യുഡിഎഫ് ഭരണകാലത്ത് കേസ് പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. യുഡിഎഫ് സര്‍ക്കാരില്‍ കേസ് കോടതിയിലെത്തിയ ഘട്ടങ്ങളിളെല്ലാം അഡ്വക്കേറ്റ് ജനറലും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഇടപെട്ട് ഓരോ തടസ്സവാദങ്ങള്‍ ഉന്നയിച്ച് 45 തവണയാണ് കേസ് മാറ്റിയത്. ഗയയില്‍ നിന്നും ആത്മീയാന്വേഷകനായി എത്തിയ സത്‌നാംസിങ്്മാന്‍ എന്ന ഇരുപത്തിമൂന്നുകാരനെ ശിവഗിരിയിലെ സര്‍വമത പാഠശാലയില്‍ നിന്നും പഠിച്ച 'ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹിം' എന്ന് ഉറക്കെ ഉച്ചരിച്ചതിന്റെ പേരില്‍ തീവ്രവാദി മുദ്ര ചാര്‍ത്തി വള്ളിക്കാവില്‍ മര്‍ദിക്കുകയായിരുന്നു. ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട സത്‌നാമിന്റെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാരും കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചില്ല.