ശരണമയ്യപ്പ സ്വാമീയേ കീ ജയ് ! കേട്ടപ്പോള്‍ പഴയൊരു കഥ ഓര്‍ത്തു
ഹിന്ദുത്വയുടെ കാവലമ്മയായി അയ്യപ്പഭക്തരുടെ മുന്നിലെത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം അമൃതാനന്ദമയിയുമായുള്ള പഴയൊരു ഓര്‍മ
ജെ ബിന്ദുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....
'ശരണമയ്യപ്പ സ്വാമീയേ കീ ജയ്' കേട്ടപ്പോള്‍ പഴയൊരു കഥ ഓര്‍ത്തു. അമൃതാനന്ദമയി 2005ലോ 2006ലോ ചെന്നൈ വിരുഗംപാക്കത്തുള്ള അവരുടെ ആശ്രമത്തില്‍ ദര്‍ശന ടൂറിന്റെ ഭാഗമായി എത്തിയ സമയം. ആത്മീയ ബിസിനസ് ഒക്കെ പച്ചപിടിച്ചു വരുന്നേയുള്ളു. നേരിട്ടു കണ്ട് സംസാരിച്ചിട്ടില്ലാത്തതിനാല്‍ പി എസ് ജോസഫും സുന്ദര്‍ദാസും ഞാനും ഫോട്ടോഗ്രാഫര്‍ എച്ച് കെ രാജശേഖറും കൂടി കാണാന്‍ പോയി. ഇന്നത്തെപ്പോലെ അന്നും അമൃതസ്വരൂപാനന്ദ തന്നെയാണ് ആള്‍ദൈവത്തിന്റെ ഫുള്‍ കണ്‍ട്രോള്‍. പതിവുപരിപാടിയൊക്കെ കഴിഞ്ഞെത്തിയ അമൃതാനന്ദമയി ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനെത്തി. കുറെ വര്‍ത്തമാനമൊക്കെ കഴിഞ്ഞ നേരത്താണ് ആയിടെ അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ വിഎച്ച്പി ഒരു ഹര്‍ത്താലില്‍ നിന്ന് ആശ്രമത്തെ ഒഴിവാക്കിയതിനെപ്പറ്റി ചോദിച്ചത്.
'താങ്കളും വിഎച്ച്പിയും തമ്മില്‍ കൂട്ടുണ്ടല്ലേ?' ഞാന്‍. അന്ന് ഹിന്ദുത്വ രാഷ്ട്രീയമൊന്നും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ലോക മാതാവ് ഒന്നും മിണ്ടാതെ അമൃതസ്വരൂപാനന്ദ പുരിയെ നോക്കി. പുരി എന്നെ തുറിച്ചു നോക്കി. ടേപ്പ് ഓടിക്കൊണ്ടിരിക്കുകയാണ്. പിന്നെ മൗനം വെടിഞ്ഞ് മാതാവിന്റെ നിഷ്‌ക്കളങ്കമായ ചോദ്യം. 'എന്താ മോനെ, ഈ വിഎച്ച്പി ?' അടവ് മനസ്സിലായെങ്കിലും പറഞ്ഞു കൊടുത്തു. ആദ്യമായി കേള്‍ക്കുന്ന പോലെ ലോകമാതാവ് നടിച്ചു. ഞാന്‍ അത് പിന്നത്തേക്കായി കരുതി വച്ചു. വര്‍ത്തമാനം പുരോഗമിക്കുന്നതിനിടെ വീണ്ടും സംഭാഷണം രാഷ്ട്രീയത്തിലെത്തി. സംഭാഷണത്തിനിടെ അബദ്ധത്തില്‍ ലോക മാതാവ്: 'വിഎച്ച്പീടെ തൊഗാഡിയ കാണാന്‍ വന്നിരുന്നു... ''അപ്പോ താങ്കള്‍ക്ക് വിഎച്ച്പിയും തൊഗാഡിയയുമൊക്കെ അറിയാം' ഞാന്‍. മാതാവ് പെട്ടു. സുന്ദര്‍ദാസിന്റെ മുഖത്ത് പതിവ് പുച്ഛസ്മിതം. ജോസഫ് അച്ചായന്‍ 'ഇവന്‍ തല്ലുകൊള്ളിക്കും' എന്ന ഭാവത്തില്‍ എന്നെ നോക്കുന്നു. അമൃതസ്വരൂപാനന്ദയ്ക്ക് ദേഷ്യം കൊണ്ട് കണ്ണു കത്തുന്നു. ലോകമാതാവിനെയാണ് ഞാന്‍ പെരുങ്കള്ളിയാക്കിയിരിക്കുന്നത്. ഘോര അപരാധം. കുറച്ചു കഴിഞ്ഞ് മൗനം വെടിഞ്ഞ ആള്‍ദൈവം: 'ഞാനാരുമല്ല മോനെ, എനിക്ക് വെറും തൂപ്പുകാരിയായാലും മതി.' ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. തൂപ്പുകാരി സെന്റിമെന്റ്‌സില്‍ തീര്‍ന്നു.
ഇന്നിപ്പോ ഹിന്ദുത്വയുടെ കാവലമ്മയായി ദാ അയ്യപ്പഭക്തരുടെ മുന്നിലിരിക്കുന്നു. ഹോ! ഭയങ്കരം തന്നെ. :) ശരണമയ്യപ്പ സ്വാമീയേ കീ ജയ് !
Full View