46 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ; ഉദ്ധവ് താക്കറെ വിളിച്ച അടിയന്തര മന്ത്രിസഭായോഗം ഉച്ചയ്ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ 46 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ രംഗത്ത്. ശിവസേനയിലെ 40 വിമത എംഎല്‍എമാരെ കൂടാതെ ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. ഷിന്‍ഡെയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. പാര്‍ട്ടി മാറാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ഷിന്‍ഡെ ആവര്‍ത്തിച്ചു. താന്‍ ശിവസേനയില്‍ നിന്ന് പോവുന്നില്ല. എന്നാല്‍, ബാലെ സാഹേബ് താക്കറെയുടെ ശിവസേനയെ തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങളുമായി മുന്നോട്ടുപോവുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരെ അര്‍ധരാത്രിയോടെ സൂറത്തില്‍ നിന്നും അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുവാഹത്തി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കൊണ്ടുപോവുന്നതിനായി പ്രത്യേക ബസ്സുകള്‍ തയ്യാറായിരുന്നു. ഗുവാഹത്തിയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുള്ളത്. 34 എംഎല്‍എമാര്‍ക്കൊപ്പമുള്ള ഷിന്‍ഡെയുടെ ചിത്രം പുറത്തുവന്നിരുന്നു. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിനാണ് യോഗം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് വിവരം. ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിന്‍ഡേന്ദയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതര്‍ ഗുജറാത്തില്‍ നിന്ന് അസമിലേക്ക് വിമാനം കയറിയത്.
ഏക്‌നാഥ് ഷിന്ദേയോട് പുനരാലോചന നടത്തി പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുമായുള്ള സഖ്യം ശിവസേന പുനസ്ഥാപിക്കണമെന്നും മഹാരാഷ്ട്രയില്‍ വീണ്ടും സംയുക്തഭരണം വേണമെന്നുമാണ് ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നത്.പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എന്‍സിപി എംഎല്‍എമാര്‍ രാവിലെ യോഗം ചേരുന്നുണ്ട്. ശിവസേനയ്ക്കുള്ളില്‍ വിമതനീക്കം ശക്തമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സഖ്യസര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നിരീക്ഷകനായി അയച്ചിട്ടുണ്ട്. വിമതനീക്കത്തിന് പിന്നില്‍ പങ്കില്ലെന്നാണ് ബിജെപി വാദിക്കുന്നതെങ്കിലും വിമത എംഎല്‍എമാരുടെ സംരക്ഷണം ഇപ്പോള്‍ ബിജെപിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തി വിമതരെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നില്‍ തിരിച്ചടി നേരിട്ട മഹാവികാസ് അഘാഡി സഖ്യത്തിന് വിമതനീക്കം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.