മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കേസുകള്‍; മരണം രണ്ടായി, മരിച്ചത് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍

രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ ഭോപാലില്‍നിന്നും രണ്ടുപേര്‍ ഉജ്ജയിനില്‍നിന്നുമാണ്. റായ്‌സെന്‍, അശോക് നഗര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരില്‍ രണ്ടുപേരാണ് മരണപ്പെട്ടത്.

Update: 2021-06-25 05:33 GMT

ഭോപാല്‍: മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ മൂന്നുപേര്‍ ഭോപാലില്‍നിന്നും രണ്ടുപേര്‍ ഉജ്ജയിനില്‍നിന്നുമാണ്. റായ്‌സെന്‍, അശോക് നഗര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരില്‍ രണ്ടുപേരാണ് മരണപ്പെട്ടത്. ഇവര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുമ്പ് ആദ്യ ഡോസോ രണ്ടുഡോസുമോ സ്വീകരിച്ച മൂന്നുരോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതരപ്രശ്‌നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്.

വാക്‌സിനെടുക്കാത്ത നാലുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഒരാള്‍ 22 വയസ്സുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടരവയസ്സുള്ള പെണ്‍കുഞ്ഞുമാണ്. ഏഴുപേര്‍ക്കും കഴിഞ്ഞമാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത് ജൂണിലാണ്.

നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ (എന്‍സിഡിസി) നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തുന്നത്. ഏഴുകേസുകളില്‍ പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ സ്വീകരിച്ച മൂന്നുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാതിരുന്നത് ഇരുണ്ട മേഘങ്ങള്‍ക്കിടയിലുള്ള ഒരു വെള്ളി വരയായി കാണാവുന്നതാണെന്ന് ആരോഗ്യ കമ്മീഷണര്‍ എം പി ആകാശ് ത്രിപാഠി പ്രതികരിച്ചു.

വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തിനെതിരേ പോലും പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാണ് എന്നത് പ്രത്യാശ നല്‍കുന്നതാണെന്ന് ത്രിപാഠി പറഞ്ഞു. കഴിഞ്ഞമാസം ഉജ്ജയിനില്‍ ആശുപത്രിയില്‍ മരിച്ച വാക്‌സിന്‍ സ്വീകരിക്കാത്ത സ്ത്രീക്ക് പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച സെക്യൂരിറ്റി ഗാര്‍ഡായ ഭര്‍ത്താവില്‍നിന്ന് വൈറസ് പിടിപെട്ടിട്ടുണ്ടാവാം. സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നതിന് മുമ്പായി അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു.

Tags:    

Similar News