അതീവ സുരക്ഷയുള്ള ഇസ്രായേലി ജയിലില്‍നിന്ന് നിരവധി ഫലസ്തീന്‍ പോരാളികള്‍ രക്ഷപ്പെട്ടു

ഒരാള്‍ മുഖ്യധാരാ ഫതഹ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സായുധ സംഘത്തിന്റെ മുന്‍ കമാന്‍ഡര്‍ ആണെന്ന് പ്രിസണ്‍സ് സര്‍വീസ് അറിയിച്ചു.

Update: 2021-09-06 10:38 GMT

തെല്‍അവീവ്: അതീവ സുരക്ഷയുള്ള ഇസ്രായേലി ജയിലില്‍ നിന്ന് ആറു ഫലസ്തീന്‍ പ്രതിരോധ പോരാളികള്‍ രക്ഷപ്പെട്ടു. ഗുരുതര സംഭവമെന്ന് സംഭവത്തെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ നിന്നാണ് പോരാളികള്‍ രക്ഷപ്പെട്ടത്. ജയില്‍ ഭേദിച്ചവര്‍ക്കായി ഇസ്രായേല്‍ പോലിസും സൈന്യവും തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ തിങ്കളാഴ്ച പറഞ്ഞു.രക്ഷപ്പെട്ടവരില്‍ അഞ്ച് പേര്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തില്‍ പെട്ടവരാണ്. ഒരാള്‍ മുഖ്യധാരാ ഫതഹ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സായുധ സംഘത്തിന്റെ മുന്‍ കമാന്‍ഡര്‍ ആണെന്ന് പ്രിസണ്‍സ് സര്‍വീസ് അറിയിച്ചു.

പ്രതികളെ പാര്‍പ്പിച്ച സെല്ലിലെ ടോയ്‌ലറ്റില്‍നിന്ന് തുരങ്കമുണ്ടാക്കിയാണ് സംഘം രക്ഷപ്പെട്ടതെന്ന് ജയില്‍ സര്‍വീസിന്റെ വടക്കന്‍ കമാന്‍ഡര്‍ അരിക് യാക്കോവ് പറഞ്ഞു.

'മഹത്തായ വിജയം'

ആറ് പേരും സെല്‍മേറ്റുകളാണെന്നും അവര്‍ ഡസന്‍ കണക്കിന് മീറ്റര്‍ ആഴത്തില്‍ തുരങ്കം തീര്‍ത്താണ് രക്ഷപ്പെട്ടതെന്ന ഹാരറ്റ്‌സ് പത്രം റിപോര്‍ട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള ഈ തടവറ ഇസ്രായേലിലെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ജയിലുകളിലൊന്നാണ്. രക്ഷപ്പെട്ട നാല് പേര്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണെന്ന് പലസ്തീന്‍ തടവുകാരുടെ സംഘടന പറഞ്ഞു. ഗുരുതര കുറ്റകൃത്യഹങ്ങള്‍ ആരോപിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന ജയിലാണിത്.

നിരവധി പലസ്തീന്‍ വിഭാഗങ്ങള്‍ ജയില്‍ ചാട്ടത്തെ പ്രശംസിച്ചു.ശത്രുക്കളുടെ തടവറയ്ക്ക് നമ്മുടെ ധീരരായ സൈനികരുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും പരാജയപ്പെടുത്താനാകില്ലെന്ന് ഈ മഹത്തായ വിജയം വീണ്ടും തെളിയിക്കുന്നതായി ഹമാസിന്റെ വക്താവ് ഫൗസി ബര്‍ഹൗം പറഞ്ഞു.

രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിലെ ഫത്താഹിന്റെ അല്‍ അക്‌സാ രക്തസാക്ഷി ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡര്‍ സക്കറിയ സുബൈദി ആണെന്ന് പ്രിസണ്‍സ് സര്‍വീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


Tags:    

Similar News