ലൈംഗിക പീഢനക്കേസ്: അഡ്വ. പിജി മനുവിനെ സംരക്ഷിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-സുനിതാ നിസാര്‍
തിരുവനന്തപുരം: ലൈംഗീക പീഢനക്കേസില്‍ സുപ്രിംകോടതി പോലും ജാമ്യാപേക്ഷ തള്ളിയിട്ടും മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നത് ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ ആവശ്യപ്പെട്ടു. കൊടും കുറ്റവാളികളെ പോലും മുഖം നോക്കി സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് നിയമസഹായം ലഭിക്കാന്‍ സമീപിച്ച യുവതിയെ ബലാല്‍സംഗം ചെയ്ത സംഘപരിവാര്‍ സഹയാത്രികനായ പി ജി മനുവിനെ സംരക്ഷിക്കുന്നതിലൂടെ സര്‍ക്കാറും പോലിസും അനുവര്‍ത്തിച്ചു വരുന്നത്. ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് കോടതി പറഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാന്‍ പഴുതൊരുക്കി. ഇപ്പോള്‍ സുപ്രിംകോടതി ജാമ്യാ അപേക്ഷ തള്ളിയിട്ടും പോലിസും സര്‍ക്കാരും നിസ്സംഗത പാലിക്കുകയാണ്. സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് സഹായം ഒരുക്കുന്നതിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എന്തു സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിക്കണമെന്നും സുനിതാ നിസാര്‍ ആവശ്യപ്പെട്ടു.