ലൈംഗിക അതിക്രമക്കേസ്; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ

കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു

Update: 2022-08-24 09:16 GMT

കൊച്ചി: ലൈംഗീക അതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. അപ്രസക്തമായ കാരണങ്ങള്‍ പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി അധികാര പരിധി ഉപയോഗിച്ചതില്‍ അപാകത ഉണ്ട്. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ വിധി പറയുന്നത് വരെ സ്‌റ്റേ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കേസിന്റെ രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സിവിക് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക അതിക്രമ പരാതിയില്‍ കോഴിക്കോട് സെഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യത്തിന് ഇടക്കാല സ്‌റ്റേ നല്‍കിയത്.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണ കുമാറിനെ നേരത്തേ സ്ഥലം മാറ്റിയിരുന്നു.പരാതിക്കാരിയായ യുവതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായതായും,അതിനാല്‍ സെക്ഷന്‍ 354എ പ്രകാരം പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലന്നുമായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം.



Tags:    

Similar News