ലൈംഗികാതിക്രമം: രഞ്ജിത്തിനെ പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍

Update: 2024-08-24 06:21 GMT

കൊച്ചി: ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ചലച്ചിത്ര മേഖലയുടെ സമഗ്രവികസനത്തിന് കുതിപ്പേകാന്‍ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. അക്കാദമിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നാള്‍ മുതല്‍ സംവിധായകന്‍ രഞ്ജിത്തിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി രഞ്ജിത്തിന്റെ ലൈംഗികാതിക്രമത്തിനിരയായ നടി തന്നെ ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജോഷി ജോസഫ് കോടതിയില്‍ സാക്ഷി പറയാമെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സ്ത്രീകളെ കാസ്റ്റിങ് കൗച്ച് നടത്തുന്നതിനെക്കുറിച്ച് ഹേമാ കമ്മറ്റി നടത്തിയ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്. വേട്ടക്കാരുടെ പേരുകള്‍ മറച്ചുവച്ച പ്രസ്തുത റിപോര്‍ട്ടില്‍ രഞ്ജിത്തിന്റെ കുറ്റകൃത്യങ്ങള്‍ ഇനിയും പുറത്ത് വരേണ്ടിയിരിക്കുന്നു. പൊതുസമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗര്‍വോടും ധാര്‍ഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകള്‍ കുപ്രസിദ്ധമാണ്. തൊഴില്‍ ചെയ്യാനെത്തിയ സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്‍പ്പിച്ച് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായത്. കുറ്റവാളിയായ രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി, സര്‍ക്കാര്‍ അടിയന്തര നിയമ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം കേരളത്തിലെ നീതിബോധമുള്ള സ്ത്രീകള്‍ അക്കാദമിക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്നും

    സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കെ അജിത, ഏലിയാമ്മ വിജയന്‍, മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖാ രാജ്, വിധു വിന്‍സെന്റ്, ഡോ. മാളവിക ബിന്നി, വിജി പെണ്‍കൂട്ട്, ഡോ. സോണിയ ജോര്‍ജ്, ജോളി ചിറയത്ത്, ശീതള്‍ ശ്യാം, അമ്മിണി കെ വയനാട്, അഡ്വ. കെ നന്ദിനി, എം സുല്‍ഫത്ത്, അഡ്വ. ജെ സന്ധ്യ, ശ്രീജ നെയ്യാറ്റിന്‍കര, എച്ച്മു കുട്ടി, സതി അങ്കമാലി, സീറ്റ ദാസന്‍, ഡിംപിള്‍ റോസ്, അഡ്വ. പദ്മ ലക്ഷ്മി, ശരണ്യ മോള്‍ കെ എസ്, പി വി ശ്രീജിത, രതി ദേവി, അനിതാ ശാന്തി, ഡോ. ധന്യ മാധവ്, അഡ്വ. കുക്കു ദേവകി, തൊമ്മിക്കുഞ്ഞ് രമ്യ, അഡ്വ. സുജാത വര്‍മ, രാധികാ വിശ്വനാഥന്‍, ഐ ജി മിനി, ഗാര്‍ഗി, ശരണ്യ എം ചാരു, ചൈതന്യ കെ, സ്മിത ശ്രേയസ്, അമ്പിളി ഓമനക്കുട്ടന്‍, ബിന്ദു തങ്കം കല്യാണി, ഗോമതി ഇടുക്കി, കവിത എസ്, സുജ ഭാരതി, അപര്‍ണ ശിവകാമി, സീന യു ടി കെ, മാളു മോഹന്‍, ദിവ്യ ജി എസ്, അഡ്വ. ജെസിന്‍ ഐറിന തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Tags:    

Similar News