സീഷെല്‍സ് നാവികസേന തടവിലാക്കിയ 56 മല്‍സ്യത്തൊഴിലാളികള്‍ക്ക് മോചനം; വിട്ടയച്ചവരില്‍ രണ്ട് മലയാളികളും

Update: 2022-03-22 10:43 GMT

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ 56 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. വിട്ടയച്ചവരില്‍ രണ്ട് വിഴിഞ്ഞം സ്വദേശികളും ഉള്‍പ്പെടുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ചതിനാണ് സീഷെല്‍സ് നാവികസേന ഇവരെ പിടികൂടിയത്. അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് തിരുവനന്തപുരം വിഴിഞ്ഞം കടക്കുളം സ്വദേശികളായ ജോണി(34), തോമസ് (50) എന്നിവരടക്കം 60 അംഗ സംഘം പിടിയിലായത്.

കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്ന് അഞ്ച് ബോട്ടുകളിലായി പുറപ്പെട്ട സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്. ഇവരെ സീഷെല്‍സ് സുപ്രിംകോടതിയില്‍ ഹാജരാക്കി. ബോട്ടുകളിലെ തമിഴ്‌നാട്ടുകാരായ അഞ്ച് ക്യാപ്റ്റന്‍മാരെ സീഷെല്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോചിപ്പിച്ചവരെ വ്യോമസേന വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം നീക്കം തുടങ്ങിയെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും ജോലിചെയ്തിരുന്നത്. കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ സംഘം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് സമുദ്രാതിര്‍ത്തി കടന്ന് സീഷെല്‍സിലെത്തിയത്. ഈ മാസം 12നായിരുന്നു സംഭവം.

നേരത്തെ ഇവരുടെ മോചനത്തിനായി നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. ഇവര്‍ക്ക് വേണ്ട അടിയന്തര സഹായം വേള്‍ഡ് മലയാളി ഫെഡറേഷന്‍ എത്തിച്ചുനല്‍കിയിട്ടുണ്ട്. പിടിയിലായ സംഘത്തില്‍ അഞ്ച് അസം സ്വദേശികളുമുണ്ട്. ബാക്കിയുള്ളവര്‍ തമിഴ്‌നാട് സ്വദേശികളാണ്. കൊച്ചി തുറമുഖത്തു നിന്ന് മൂന്ന് ബോട്ടുകളില്‍ പോയ 33 അംഗ സംഘത്തെ മുമ്പ് സീഷെല്‍സ് തടവിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹമാണ് സീഷെല്‍സ്.

Tags:    

Similar News