വഖ്ഫ് നിയമഭേദഗതിയെ എതിര്‍ത്ത് അകാല്‍ തഖ്ത്

Update: 2025-04-07 04:44 GMT

അമൃത്‌സര്‍: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ എതിര്‍ത്ത് സിഖുകാരുടെ പരമോന്നത മതകേന്ദ്രമായ അകാല്‍ തഖ്ത്. വഖ്ഫ് ബില്ലിനെ കുറിച്ച് സംസാരിക്കാന്‍ ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രതിനിധി സംഘം കഴിഞ്ഞ വെള്ളിയാഴ്ച അകാല്‍ തഖ്ത് സാഹിബിലെത്തി ആക്ടിങ് ജതേദാര്‍ ഗ്യാനി കുല്‍ദീപ് സിംഗ് ഗര്‍ഗജ്ജിനെ കണ്ടു.

രാജ്യം എല്ലാവര്‍ക്കുമുള്ളതാണെന്നും സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാ സമുദായങ്ങള്‍ക്കും അവകാശമുണ്ടെന്നും യോഗത്തിന് ശേഷം ജതേദാര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും അന്തസ് സംരക്ഷിക്കപ്പെടേണ്ടതാണ്. അവരുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അകാല്‍ തഖ്തുമായി കാലങ്ങളായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രതിനിധി സംഘത്തിലെ അംഗമായ ജാവേദ് സിദ്ദീഖി പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഗുരുദ്വാരകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും (എസ്ജിപിസി) വഖ്ഫ് ഭേദഗതി നിയമത്തിന് എതിരാണ്. വഖ്ഫ് ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമാണെന്നാണ് എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിംഗ് ധാമി പറഞ്ഞിരിക്കുന്നത്. ശിരോമണി അകാലി ദള്‍ പാര്‍ട്ടിയും വിവിധ സിഖ് പാര്‍ട്ടികളും ബില്ലിനെതിരെ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. വഖ്ഫ് നിയമഭേദഗതി മുസ്‌ലിം സമുദായത്തിനെതിരായ വിവേചനമാണ് ശിരോമണി അകാലി ദള്‍ അംഗം ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ലോക്‌സഭയില്‍ പറഞ്ഞത്. സിഖുകാരെ പ്രത്യേക മതമാക്കാന്‍ ഭരണഘടനയുടെ 25(ബി) അനുഛേദം ഭേദഗതി ചെയ്യണമെന്ന സിഖുകാരുടെ ആവശ്യത്തെ ബിജെപി അവഗണിക്കുകയാണെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം, ഇവരെയെല്ലാവരെയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ''വഖ്ഫ് ബില്ല് മുസ്‌ലിംകള്‍ക്ക് നല്ലതാണ്. എസ്ജിപിസിയും മറ്റും ബില്ലിനെ എതിര്‍ക്കുന്നത് സങ്കടകരമാണ്. ബില്ലിന് സിഖുകാരുമായി ഒരു ബന്ധവുമില്ല.''-ബിജെപി വക്താവ് പ്രീത് പാല്‍ സിംഗ് പറഞ്ഞു.

അതേസമയം, വഖ്ഫ് നിയമഭേദഗതിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ പ്രഖ്യാപിച്ചു. നിയമം വഖ്ഫ് സ്വത്ത് കൈയ്യേറ്റത്തിന് കാരണമാവുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാം എംപി മനോജ് ഝായും നേതാവ് ഫയാസ് അഹമദും പറഞ്ഞു. നിയമത്തിന് എതിരാണെങ്കിലും കോടതിയിലേക്ക് ഇല്ലെന്ന് ശിവസേന(യുബിടി) എംപി സഞ്ജയ് റൗത്ത് പറഞ്ഞു.

Similar News