ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ ജാഗ്രതാ നിര്‍ദേശം; ഒമാന്‍ എയര്‍ ഇന്നത്തെ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം
മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓമാനിലെ പ്രധാന റോഡുകളും തുരങ്കവും വെള്ളക്കെട്ടിലായി.
യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഒമാന്‍ കടല്‍ പ്രക്ഷുബ്ധമാണ്. കിഴക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും കടല്‍വെള്ളം കയറിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സദാസമയവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ കാലാവസ്ഥാ ബുള്ളറ്റിനുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ചുഴലിക്കാറ്റിനെ സാഹചര്യത്തില്‍ ഒമാന്‍ എയര്‍, കേരളത്തില്‍ നിന്നുള്ള രണ്ടു സര്‍വീസുകള്‍ ഉള്‍പ്പെടെ, ഇന്നത്തെ 25ഓളം വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചു. കൊച്ചിയില്‍ നിന്നും മസ്‌കറ്റിലേക്ക് ഉള്ള ഒമാന്‍ എയര്‍ വിമാനം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 1.55ന് പുറപ്പെടും. ഒമാന്‍ സമയം വൈകുന്നേരം നാലിന് മസ്‌കറ്റില്‍ ലാന്‍ഡ് ചെയ്യും.
തിരുവനന്തപുരം മസ്‌കറ്റ് വിമാനം ഉച്ചക്ക് 1.45 പുറപ്പെട്ട ഒമാന്‍ സമയം വൈകുന്നേരം നാലിന് ഒമാനില്‍ എത്തും.
അടിയന്തര അറിയിപ്പ്
-അല്‍-വല്ലാജ് (Al-Wallaj) പ്രദേശം ഉള്‍പ്പെടെ ഖുറം കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്റ്റ് പൂര്‍ണമായും ഒഴിപ്പിക്കും. വരും മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ താമസക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.
-അല്‍-വാത്തായ പ്രദേശത്ത് ഒരു മലയിടിഞ്ഞു, പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-ഷഹീന്‍ ചുഴലിക്കാറ്റിന്റെ ഫലമായി ജലനിരപ്പ് ഉയരുന്നതിനാല്‍ അല്‍നഹ്ദ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു.
-ചുഴലിക്കാറ്റിന്റെ കേന്ദ്രം ഇപ്പോള്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ്.
ഏറ്റവും പുതിയ വിവരങ്ങള്‍
-സീബ് വിലായത്തിന്റെ ദിശയിലുള്ള റുസൈല്‍ ടവര്‍ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കപാത വെള്ളം അടിഞ്ഞുകൂടിയതിനാല്‍ അടച്ചു.
-സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അതോറിറ്റി ടീമുകള്‍ മത്രയിലെ വീട്ടില്‍ മഴവെള്ളം കയറിയതിനെ തുടര്‍ന്ന് 7 പേരെ രക്ഷിച്ചു. എല്ലാവരും സുരക്ഷിതരാണ്.
-ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ (ഷഹീന്‍) നേരിട്ടുള്ള ആഘാതം കാരണം, മസ്‌കറ്റ് ഗവര്‍ണറേറ്റ് കനത്ത മഴ, വാദി അദായിലെയും,അല്‍ ഖുവൈറിലെയും വാദികള്‍ വെള്ളത്തിനടിയിലായി, കൂടുതല്‍ വാദികള്‍ നിറയാന്‍ സാധ്യത എന്ന് എന്‍സിഇഎം മുന്നറിയിപ്പ് നല്‍കുന്നു.
- നിലവില്‍, മസ്‌കറ്റ് ഗവര്‍ണറേറ്റിലും സൗത്ത് അല്‍ ബാറ്റിന, അല്‍ ദഖിലിയ ഗവര്‍ണറേറ്റുകളുടെ ഭാഗങ്ങളിലും വിവിധ തീവ്രതയുള്ള മഴ പെയ്യുന്നു, ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ഷഹീന്‍ വടക്കന്‍ അല്‍ ബത്തീനയുടെ തീരത്തേക്ക് നീങ്ങുന്നു.
-ഷഹീന്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം മൂലം മത്രയിലെ അല്‍ സഹിയ പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ വീടുകളുടെ മുകളില്‍ കയറാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു, ഒമാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
- സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (CDAA) മസ്‌കറ്റില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷിച്ചു. എല്ലാവരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.