ലഖ്‌നോ: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ച തര്‍ക്കത്തില്‍ സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വാദം കേള്‍ക്കും. ഹിന്ദു വിഭാഗം തങ്ങളുടെ ഹരജിയില്‍ ഭേദഗതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹിന്ദു വിഭാഗം സമര്‍പ്പിച്ച ഹരജികള്‍ ആരാധനാലയ നിയമം ലംഘിക്കുന്നതിനാല്‍ അത് പരിപാലിക്കാനാവില്ലെന്ന മുസ് ലിം പക്ഷത്തിന്റെ വാദം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും മസ്ജിദ് നീക്കം ചെയ്യണമെന്നുമാണ് ഹിന്ദു പക്ഷം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മസ്ജിദ് പൊളിച്ച് ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. അഭിഷാകനില്ലാതെ നേരിട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചതെന്ന് കാണിച്ച് ഹരജി കോടതി തള്ളിയിരുന്നു. 1669ല്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ത്ത് മുഗള്‍ രാജാവ് ഔറംഗസീബാണ് ശാഹി മസ്ജിദ് നിര്‍മിച്ചതെന്നാണ് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ആന്ദോളന്‍ സമിതി ഹരജിയില്‍ ആരോപിച്ചിരുന്നത്. മസ്ജിദിന്റെ ചുവരില്‍ ഇപ്പോഴും ഹിന്ദു മതചിഹ്നങ്ങളുണ്ടെന്നാണ് ഇതിന്റെ തെളിവായി പറയുന്നത്. 2020 സപ്തംബര്‍ 25ന് ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ഒരു സംഘം മസ്ജിദ് ഭൂമിയില്‍ തര്‍ക്കമുന്നയിച്ച് ഹരജി നല്‍കയത്. ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമയ്ക്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.