ഷാജഹാന്‍ വധം: എല്ലാ പ്രതികളും പിടിയില്‍, നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ്
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന് പിടിയിലായത്.
പാലക്കാട്: സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന 6 പ്രതികള്‍ കൂടി ഇന്ന് പിടിയിലായി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസിലെ 8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പോലിസ് വ്യക്തമാക്കി.
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാന്‍ ഓടിപ്പോകാതിരിക്കാന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികള്‍.
ഇതില്‍ മൂന്നാം പ്രതി നവീനെ പട്ടാമ്പിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് നവീന്‍ ആണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് മൂന്ന് സംഘങ്ങളായി ഒളിവില്‍ പോകുകയായിരുന്നു.