ഷാജ് കിരൺ അഞ്ച് കോർപറേറ്റ് കമ്പനികളുടെ ഡയരക്ടർ

കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ ഷാജ് വി കിരണ്‍ ഇന്ത്യാ വിഷനിലൂടെ ട്രെയ്നിയായി എത്തിയാണ് മാധ്യമപ്രവർത്തന രം​ഗത്ത് കാലെടുത്തുവച്ചത്. ഏഷ്യാനെറ്റ്, ജയ് ഹിന്ദ് എന്നീ ചാനലുകളിൽ സീനിയർ റിപോർട്ടറായി ജോലി നോക്കിയിരുന്നു.

Update: 2022-06-10 14:32 GMT

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളുപ്പെടുത്തിയതിന് പിന്നാലെ രം​ഗത്തുവന്ന വിവാദ നായകൻ ഷാജ് വി കിരൺ അഞ്ച് കോർപറേറ്റ് കമ്പനികളുടെ ഡയരക്ടർ. മിനിസ്റ്റ്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ രജിസ്റ്റർ ചെയ്ത അഞ്ച് കമ്പനികളിൽ ഡയരക്ടറാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

എല്ലാ കമ്പനികളും ഒരു വര്‍ഷത്തിനുള്ളിൽ രൂപീകരിച്ചവയാണ്. ശ്യാമാംബരം എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വന്റി കെ അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, സ്പ്രിങ് എവർ എന്റപ്രൈസസ്, ഫാമി​ഗോ അ​ഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രൈം​ഗ്രോ അ​ഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആ കമ്പനികള്‍. 2018 സെപ്തംബർ മാസത്തിനും 2019 മെയ് മാസത്തിനിടയിലുമാണ് എല്ലാ കമ്പനികളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുള്‍ഫസല്‍ നടവേലിയില്‍, ഏലിയാമ്മ, ബിജു ജമാലുദ്ദീന്‍, കണ്ണമ്പള്ളി ഇബ്രായ്, തമ്പി എ വര്‍ഗീസ് എന്നിവരാണ് ഷാജ് വി കരണ്‍ ഡയരക്ടറായുള്ള കമ്പനികളിലെ സഹ ഡയറക്ടര്‍മാർ.

കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ ഷാജ് വി കിരണ്‍ ഇന്ത്യാ വിഷനിലൂടെ ട്രെയ്നിയായി എത്തിയാണ് മാധ്യമപ്രവർത്തന രം​ഗത്ത് കാലെടുത്തുവച്ചത്. ഏഷ്യാനെറ്റ്, ജയ് ഹിന്ദ് എന്നീ ചാനലുകളിൽ സീനിയർ റിപോർട്ടറായി ജോലി നോക്കിയിരുന്നു. പിന്നീട് ബിലീവേഴ്സ് ചർച്ചിന്റെ പിആർ ആയി ജോലി ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരുമായും പോലിസ് ഉദ്യോ​ഗസ്ഥരുമായും ബന്ധമുള്ള ഷാജ് വി കിരൺ ക്വാറി ലൈസൻസ് അടക്കമുള്ളവ തരപ്പെടുത്തി കൊടുത്താണ് വൻകിട കച്ചവടക്കാരുമായി ബന്ധം പുലർത്തിയിരുന്നത്. പല വിവാദ വ്യക്തികളുടേയും അനധികൃത സ്വത്ത് ഇടപാടുകൾക്ക് ഇടനിലക്കാരനായി നിന്നും ഷാജ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിൽ സുപരിചിതനായതെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ ഷാജ് കിരണിനെതിരേ ബിലിവേഴ്‌സ് ചര്‍ച്ച് രം​ഗത്തുവന്നിട്ടുണ്ട്. ബിലിവേഴ്‌സ് ചര്‍ച്ച് ഒരു സഭയാണ്, 57 ഭദ്രാസനങ്ങളും പള്ളികളുമുണ്ട്. ആശുപത്രികള്‍, സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സഭയുടെ സന്നദ്ധ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. അല്ലാതെ, ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പണ ഇടപാടുകള്‍ നടത്തുക എന്നതല്ല. ഷാജ് കിരണ്‍ എന്ന വ്യക്തിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പരിചയമുള്ളത്. അതിനപ്പുറത്തേക്ക് യാതൊരു ബന്ധവുമില്ല. ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ ഉടന്‍തന്നെ തീര്‍ച്ചയായും ഷാജ് കിരണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിലിവേഴ്സ് ചർച്ച് പിആർഒ ഫാ. സിജോ പറഞ്ഞു.

2020 നവംബര്‍ മാസത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലും ഡല്‍ഹിയിലും അടക്കമുള്ള രാജ്യത്തെ 66 കേന്ദ്രങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. മൊത്തം 14.5 കോടിയുടെ കറന്‍സി പിടിച്ചുവെന്നാണ് പറഞ്ഞതെങ്കിലും പിടിച്ചെടുത്ത കറന്‍സി ഏതാണ്ട് 500 കോടിക്കടത്തുവരുമെന്നു റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 30 ട്രസ്റ്റുകളിലായാണ് വിദേശത്ത് നിന്നെത്തുന്ന പണം നിക്ഷേപിച്ചിരുന്നത്. ഈ ട്രസ്റ്റുകള്‍ക്ക് കേരളത്തിലടക്കം വലിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും സ്വിച്ചിട്ടത് പോലെ നിന്നിരുന്നു.

ചെറുവള്ളി ഏസ്‌റ്റേറ്റ് കെ പി യോഹന്നാന് നല്‍കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കേരളത്തിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 2000 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് എങ്ങിനെ കെ പി യോഹന്നാന് ലഭിച്ചുവെന്നും ഫെറ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അതിനായി നൂറുകണക്കിന് കോടി രൂപ വിവിധ കടലാസ് ട്രസ്റ്റുകളിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് കേരളത്തിലേക്ക് കടത്തിയെന്നും എസ്‌റ്റേറ്റ് ലഭിച്ചതിന്റെ പ്രത്യുപകാരമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫെറാ നിയമ ലംഘനത്തിന്റെ പേരില്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഇന്‍കം ടാക്‌സ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഷാജ് വി കിരണ്‍, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നയാളാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്ന് ധാരാളം സംഭാവനകള്‍ നല്‍കി വരുന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലും കൂടെ ആകുമ്പോൾ കൂടുതൽ സങ്കീർണമാകും എന്നതിൽ തർക്കമില്ല. 

Tags:    

Similar News