കോടിയേരിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധതയുടെ തുറന്നുപറച്ചില്‍; വിമന്‍ ജസ്റ്റിസ്
കോഴിക്കോട്: പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം അന്‍പത് ശതമാനം ആയാല്‍ പാര്‍ട്ടി തകര്‍ന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസ പ്രതികരണം അദ്ദേഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറത്താകലാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. ഇത്തരം പ്രസ്താവനകള്‍ സ്ത്രീകളുടെ സാമൂഹ്യ രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഒരു വശത്ത് സ്ത്രീപക്ഷ കേരളത്തെ കുറച്ച് വാചാലമാവുകയും എന്നാല്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രായോഗികമായി തടയുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയമാണ് കോടിയേരിയും പാര്‍ട്ടിയും സ്വീകരിക്കുന്നത്.
50 % സ്ത്രീസംവരണം പ്രായോഗികമല്ലെന്നുള്ള നിലപാട് സ്ത്രീവിഭാഗത്തോടുള്ള അവഹേളനമാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കോടിയേരി തയ്യാറാകണം. സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് പറയുമ്പോഴും സ്ത്രീവിരുദ്ധ പൊതുബോധത്തെ ശക്തിപ്പെടുത്തുന്ന കാപട്യ സമീപനം ഉള്ളില്‍ പേറുന്ന ഇത്തരക്കാരില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കില്ല എന്ന കാര്യം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.