ഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്
ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഒരു വർഷം മുമ്പ് സിപിഎമ്മുമായി അകലുകയും ബിജെപിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ഇവരെ സംഘപരിവാർ പാളയത്തിൽ എത്തിച്ചത്.
പാലക്കാട്: ഷാജഹാനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ പാലക്കാട്ടെ ഒരു ഹോട്ടലിൽ ഒത്തുകൂടിയതായി പോലിസ് കണ്ടെത്തി. തുടർന്ന് മൂന്ന് സംഘങ്ങളായി ഒളിവിൽ പോയി. കൊലക്കുശേഷം പ്രതികൾ എത്തിയത് ചന്ദ്രനഗറിലെ ബാറിലായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്ന സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു. 9.50 നാണ് പ്രതികളിലെ മൂന്നുപേർ ബാറിൽ എത്തിയത്. 10.20 വരെ ബാറിൽ തുടർന്നു. ബൈക്കിലാണ് പ്രതികളെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാർ ജീവനക്കാരുടെ മൊഴി പോലിസ് രേഖപ്പെടുത്തി.
അതേസമയം, വധക്കേസിലെ എല്ലാ പ്രതികളും പോലിസിന്‍റെ കസ്റ്റഡിയിലായി. ഒളിവിലായിരുന്ന ആറ് പ്രതികൾ ചൊവ്വാഴ്ച രാത്രിയോടെയാണ് പിടിയിലായത്. മലമ്പുഴ കവക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ഇതോടെ കേസിൽ എട്ട് പ്രതികളും കസ്റ്റഡിയിലായി. പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്ന് പോലിസ് വ്യക്തമാക്കി.
ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽനിന്ന് പിടിയിലായത്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പോലിസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ എത്തിച്ചാണ് പോലിസ് ചോദ്യം ചെയ്യുന്നത്.
മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷാണെന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്. ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളവർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു.
ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനാണെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളുടെ രാഷ്ട്രീയം പോലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
2008ൽ ബിജെപി പ്രവർത്തകൻ ആറുചാമിയെ വെട്ടിക്കൊന്ന കേസിൽ ഷാജഹാനെ കോടതി ശിക്ഷിച്ചിരുന്നു. ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഒരു വർഷം മുമ്പ് സിപിഎമ്മുമായി അകലുകയും ബിജെപിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ഇവരെ സംഘപരിവാർ പാളയത്തിൽ എത്തിച്ചത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നവീൻ ഇപ്പോഴും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ആർഎസ്എസ് ആണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു.