കൊവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര നിര്‍മാണം; എതിര്‍പ്പുമായി ശരദ് പവാര്‍
ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനെ വിമര്‍ശിച്ച് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ നേരിടാനും ലോക്ക്‌ഡൌണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കൊവിഡ് അവസാനിക്കുമെന്നാണ്. അത് മനസില്‍ കണ്ടാവണം അവര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്' പവാര്‍ പരിഹസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രെസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം. ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു.