ഓഹരി വര്‍ദ്ധിപ്പിക്കല്‍; എല്‍ഐസി സ്വകാര്യ ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നു

ബാങ്കിലെ ഓഹരി നിക്ഷേപം 9.99 ശതമാനം ആയി ഉയര്‍ത്താന്‍ പൊതുമേഖലാസ്ഥാപനമായ എല്‍ഐസിക്ക് റിസര്‍വ് ബാങ്കില്‍ നിന്നും അനുമതി കിട്ടി

Update: 2021-12-11 03:19 GMT

ന്യൂഡല്‍ഹി: ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമിടുന്ന  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കും. ബാങ്കിലെ ഓഹരി നിക്ഷേപം 9.99 ശതമാനം ആയി ഉയര്‍ത്താന്‍ പൊതുമേഖലാസ്ഥാപനമായ എല്‍ഐസിക്ക് റിസര്‍വ് ബാങ്കില്‍ നിന്നും അനുമതി കിട്ടി. കഴിഞ്ഞ മാസം 29ന് എല്‍ഐസിക്ക് റിസര്‍വ് ബാങ്കില്‍ നിന്നും ഓഹരി വര്‍ദ്ധിപ്പിക്കാന്‍ അനുമതി കിട്ടിയെന്ന് കൊടക് മഹിന്ദ്ര ബാങ്ക് വെളിപ്പെടുത്തിയിരുന്നു. നിലവിലെ നിക്ഷേപം 9.99 ശതമാനമാക്കി ഉയര്‍ത്താന്‍ ആയിരുന്നു അനുമതി. ഒരു വര്‍ഷ കാലത്തിനുള്ളില്‍ ഓഹരി നിക്ഷേപം വര്‍ദ്ധിപ്പിക്കണം. സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് കൊടാക് മഹീന്ദ്ര ബാങ്കില്‍ എല്‍ഐസിക്ക് 4.96 ശതമാനമാണ്. ഉദയ് കൊടാകിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രമോട്ടര്‍ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍, കോര്‍പ്പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന് നീങ്ങുമ്പോള്‍ എതിര്‍പ്പുകളും ശക്തമാണ്.

 അതേസമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചു തന്നെ മുന്നോട്ടു പോവുകയാണ്. ഐപിഒയില്‍ പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഐസിയുടെ കൊടാക് മഹീന്ദ്ര ബാങ്കിലെയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലെയും നിക്ഷേപം വര്‍ധിപ്പിക്കുന്നത്. എല്‍ഐസിയുടെ അഞ്ച് മുതല്‍ 10 ശതമാനം വരെ ഓഹരികള്‍ വിറ്റഴിച്ച് 900 ബില്യണ്‍ രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയ നടപടികളാണ് ഇപ്പോള്‍ എല്‍ഐസിയില്‍ പുരോഗമിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേതെന്നാണ് കരുതപ്പെടുന്നത്. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റി ഗ്രൂപ്പ് എന്നിവയടക്കം പത്ത് ബാങ്കുകളെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഓഹരി വില്‍പന സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ച ശേഷമായിരും നടപടി.

Tags:    

Similar News