ആരാണ് ഷഹബാസ് ശെരീഫ് ?

Update: 2022-04-10 03:41 GMT

ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാന്‍ പുറത്തായ പശ്ചാത്തലത്തില്‍ അടുത്ത പാകിസ്താന്‍ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പാകിസ്താന്‍ മുസ്‌ലിം ലീഗ്- നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടിയുടെ തലവനും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ശെരീഫ് ഇമ്രാന്റെ പിന്‍ഗാമിയാവുമെന്നാണ് റിപോര്‍ട്ടുകള്‍. ഷഹബാസ് ശെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനാണ് സാധ്യത. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പഞ്ചാബ് പ്രവിശ്യയുടെ മുന്‍ മുഖ്യമന്ത്രി ഷഹബാസ് ശരീഫിന്റെ പേരാണ് കൂടുതലായും ഉയര്‍ന്നുകേള്‍ക്കുന്നത്.

ഇമ്രാന്‍ ഖാനെതിരായ പ്രതിപക്ഷ നീക്കത്തിന് മുന്നില്‍ നിന്നത് ഷഹബാസ് ആണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതനാണ് ഇദ്ദേഹം. ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പിന് വേണ്ടി പാര്‍ലമെന്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷം യോഗം ചേര്‍ന്നത് ഷഹബാസ് ശരീഫിന്റെ അധ്യക്ഷതയിലാണ്. 70കാരനായ ഷഹബാസ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. സമ്പന്നരായ ശരീഫ് കുടുംബത്തിലെ അംഗം. നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഷഹബാസ്. പക്ഷേ, ഒന്നില്‍ പോലും അദ്ദേഹത്തിനെതിരേ വ്യക്തമായ തെളിവില്ല.

എല്ലാം രാഷ്ട്രീയപ്രേരിതമായ കേസുകളാണെന്ന് ഷഹബാസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി കാര്യക്ഷമനായ ഭരണാധികാരിയെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. പഞ്ചാബിനെ മാറ്റിമറിച്ച നേതാവ് എന്ന ഖ്യാതിയുള്ള വ്യക്തിയാണ് ഷഹബാസ്. പഞ്ചാബ് പ്രവിശ്യയില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന വികസന പദ്ധതികള്‍ ഏറെ ചര്‍ച്ചയായിരുന്നു. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും പഞ്ചാബില്‍ നടപ്പാക്കി.

പാകിസ്താനില്‍ ഏറ്റവും ജനങ്ങളുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഇവിടെ അസാധ്യമെന്ന് കരുതിയ വികസന പദ്ധതികളാണ് ഷഹബാസ് നടപ്പാക്കിയത്. അടിസ്ഥാന സൗകര്യം പഞ്ചാബില്‍ വിപുലമായത് ഷഹബാസ് മുഖ്യമന്ത്രിയായ വേളയിലായിരുന്നു. ലാഹോറില്‍ ആദ്യ ആധുനിക ജനകീയ ഗതാഗത സംവിധാനം നടപ്പാക്കിയത് ഇദ്ദേഹമാണ്. പാകിസ്താന്‍ സൈന്യവുമായി ഉടക്കിടുന്ന വ്യക്തിയാണ് നവാസ് ശരീഫ് എങ്കില്‍ നേരെ മറിച്ചാണ് ഷഹബാസ്. പരമ്പരാഗതമായി വിദേശ, പ്രതിരോധ നയങ്ങള്‍ നിയന്ത്രിക്കുന്ന പാകിസ്താന്‍ സൈന്യവുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നു. മാത്രമല്ല, ഇന്ത്യയുമായി അകല്‍ച്ചയുടെ ഭാഷ ഷഹബാസിനില്ല. ഇമ്രാന്‍ ഖാനേക്കാള്‍ ഇന്ത്യയുമായി അടുപ്പം നിലനിര്‍ത്തണമെന്ന ആഗ്രഹമുള്ള വ്യക്തിയാണ് ഷഹബാസ് എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലാഹോറിലെ വ്യവസായികളുടെ സമ്പന്ന കുടുംബത്തിലാണ് ഷഹബാസിന്റെ ജനനം. പ്രാദേശികമായി വിദ്യാഭ്യാസം നേടിയ ശേഷം കുടുംബ ബിസിനസിലേക്ക് കടക്കുകയായിരുന്നു. സ്വന്തമായി ഉരുക്ക് നിര്‍മാണ കമ്പനിയും ഷഹബാസിനുണ്ട്. പഞ്ചാബ് രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അതിവേഗമാണ് ജനപ്രിയനായത്. 1997ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. പര്‍വേസ് മുശറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടു. ശേഷം സൗദിയിലേക്ക് നാടുകടത്തി.

2007ലാണ് തിരിച്ച് പാകിസ്താനിലെത്തിയത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായ ഷഹബാസ് ശെരീഫ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. പാനമ പേപ്പര്‍ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഴിമതിക്കേസില്‍ നവാസ് ശരീഫ് ശിക്ഷിക്കപ്പെട്ടതോടെയാണ് ഷഹബസ് ശരീഫ് പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ് വിഭാഗം) ദേശീയ അധ്യക്ഷനായി മാറിയത്. ഷെരീഫിന് പാകിസ്താന്റെ 23ാമത് പ്രധാനമന്ത്രിയാവുന്നതിന് മുമ്പായി ഇനിയും നിരവധി നടപടിക്രമങ്ങളുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News