ട്രെയിനിലെ തീവയ്പ്: പ്രതിക്ക് മഞ്ഞപ്പിത്തമെന്ന് പരിശോധനാഫലം; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീയിട്ട കേസില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയ്ക്ക് മഞ്ഞപ്പിത്തമെന്ന് പരിശോധനാഫലം. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. ഇന്ന് പുറത്തുവന്ന രക്തപരിശോധനാ ഫലത്തിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര എടിഎസ് രത്‌നഗിരിയില്‍ നിന്ന് പിടികൂടിയ ഷാരൂഖ് സെയ്്ഫിയെ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കോഴിക്കോടെത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാംപില്‍ ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്ക് മെഡിക്കല്‍ കോളജില്‍ എത്തത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യപരമായ സ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ പോലിസ് കസ്റ്റഡിയില്‍ ലഭിക്കുക. എന്നാല്‍, കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരിലേക്കെത്താന്‍ ആദ്യഘട്ടത്തില്‍ തന്നെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം പോലിസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ആവള്യപ്പെട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കോഴിക്കോട് എലത്തൂരില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം പ്രതി തീയിട്ടത്. തീപ്പിടിത്തത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍നിന്നു ചാടിയ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു.